| Tuesday, 19th July 2022, 3:52 pm

കമല്‍ഹാസന്‍ സാര്‍ ഇപ്പോഴും സെറ്റില്‍ വന്നിട്ട് സര്‍, ഷോട്ട് എന്താണ് എന്ന് സംവിധായകനോട് ചോദിച്ച് കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ഹാസനുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം തന്നില്‍ വരുത്തിയ ചില മാറ്റങ്ങളെ കുറിച്ചും മനസുതുറന്ന് മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസില്‍. മലയന്‍കുഞ്ഞ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ കമല്‍ഹാസനുമൊത്തുള്ള ചില അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

‘കമല്‍സാറുമായുള്ള ഇന്ററാക്ഷന്‍ എനിക്ക് മാത്രമല്ല ഏത് ഇന്‍ഡിവിജ്വലിനും ഒരു ഐ ഓപ്പണര്‍ ആണ്. ഞങ്ങളുടെ സംസാരത്തിന്റെ ഇടയില്‍ പുള്ളി പറഞ്ഞൊരു കാര്യമുണ്ട്. ഞാന്‍ വഴി തപ്പിപ്പിടിച്ച് വന്നവനാണെന്നും അതുകൊണ്ട് ഇനി അങ്ങോട്ടുള്ള ജനറേഷന്റെ യാത്രയ്ക്കായി എനിക്ക് നല്ല റോഡിട്ടു കൊടുക്കാന്‍ കഴിയണമെന്നും.

അത്രയ്ക്കും പ്യുവര്‍ ആയി ലൈഫിനെ കാണുന്ന ഒരാള്‍ എത്ര ഹോണസ്റ്റ് ആയിരിക്കും. പുള്ളി തന്നെ പറയും പുള്ളിക്ക് ഒരു സിനിമാറ്റിക് ബാക്ക് ഗ്രൗണ്ടും ഇല്ലായിരുന്നു എന്ന്. ചൈല്‍ഡ് ആര്‍ടിസ്റ്റ് ആയി വന്ന് കൊറിയോഗ്രാഫറായി അസിസ്റ്റന്റ് ഡയരക്ടറായി എല്ലാം എക്‌സ്‌പ്ലോര്‍ ചെയ്ത് സ്റ്റാര്‍ ആയി.

സ്റ്റാറായിട്ട് 40 വര്‍ഷത്തില്‍ ഏറെയായി. അദ്ദേഹത്തിന്റെ നേട്ടം എന്ന് പറയുന്നത് വളരെ വലുതാണ്. പക്ഷേ ഈ നേട്ടമൊന്നും അദ്ദേഹത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഇപ്പോഴും ആദ്യത്തെ പടം ചെയ്യുന്ന പോലെയാണ് ഓരോ സെറ്റിലും വന്ന് നില്‍ക്കുന്നത്.

ഞാന്‍ കണ്ടിട്ടുണ്ട് ലോകേഷിനോട് സര്‍, ഷോട്ട് എന്താണെന്ന് പുള്ളി ചോദിക്കുന്നത്. അദ്ദേഹം സെറ്റില്‍ വന്ന് ആദ്യം ഡയരക്ടറിനോട് ചോദിക്കുകയാണ് സര്‍ ഷോട്ട് എന്താണെന്ന്. ഇത് ചോദിച്ച് കൈ കെട്ടി അവിടെ നില്‍ക്കും. പുള്ളി ഇന്നും ഈ പ്രൊഫഷനെ അപ്രോച്ച് ചെയ്യുന്ന രീതി തന്നെയാണ് എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്.

പിന്നെ ഒന്നിനോടും പേടിയില്ല. സിനിമയായാലും പേഴ്‌സണല്‍ ഡിസിഷനായാലും ഒന്നിനോടും പേടിയില്ല. എനിക്ക് അത് ഭയങ്കരമായി ഇംപ്രസായി. നമ്മള്‍ ശരിക്ക് അങ്ങനെ പേടിക്കേണ്ട കാര്യമില്ലല്ലോ. നമ്മുടെ തീരുമാനമായാലും പറയാനുള്ള കാര്യമായാലും ഒന്നിനോടും ഭയമില്ലാത്ത വ്യക്തിയാണ്. ആ ക്വാളിറ്റി എനിക്ക് കടമെടുക്കണമെന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ എനിക്കും ഭയമില്ല, പ്രത്യേകിച്ച് ഞാന്‍ ചെയ്യുന്ന കാര്യത്തിനോട്. പിന്നെ കരിയറിന്റെ ഭാവി എന്താണെന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. ഇതൊന്നും പ്രതീക്ഷിച്ച് വന്നയാളല്ല ഞാന്‍. എന്നെ സംബന്ധിച്ച് എല്ലാം ബോണസാണ്. ചെയ്യുന്നിടത്തോളം കാലം ഇതുവരെ ചെയ്തതുപോലെ തന്നെ ചെയ്യണമെന്ന് മാത്രമേയുള്ളൂ.

അത് എത്ര കാലമെന്നോ ഇല്ലെങ്കില്‍ ഇത്രയും കാലം ചെയ്യണമെന്നോ അങ്ങനെയുള്ള ആഗ്രഹമോ പ്ലാനോ ഇല്ല. ചെയ്യാവുന്നിടത്തോളം കാലം ഏറ്റവും ഭംഗിയായി ചെയ്യണമെന്നാണ്. ലാല്‍ സാറിലും മമ്മൂട്ടി സാറിലും അതാണ് ഞാന്‍ കാണുന്നത്. ഇത്രയും നാള്‍ ഞാന്‍ ഇത് ചെയ്യുകയായിരുന്നു എന്നല്ല, ഇപ്പോഴും ഞാന്‍ ഇത് ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് അവര്‍ പഠിപ്പിച്ചു തരുന്നത്, ഫഹദ് പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മലയന്‍കുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

Content Highlight: Fahadh Faasil share a wonderful experiance with actor kamal haasan

We use cookies to give you the best possible experience. Learn more