താന്‍ ഇതുവരെ ആവേശത്തെ പോലെയുള്ള ഒരു സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. തന്റെ പെര്‍ഫോമന്‍സും കഥ നടക്കുന്ന പ്ലാറ്റ്‌ഫോമും അല്പം വലുതാണെന്നും താരം പറയുന്നു.
ഇത്തരം സ്വഭാവത്തിലുള്ള സിനിമ താന്‍ ആദ്യമായാണ് ചെയ്യുന്നതെന്ന് പറഞ്ഞ ഫഹദ് അതിന്റെ എക്‌സൈറ്റ്‌മെന്റ് വളരെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു.
ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ ടീസറില്‍ എന്തുകൊണ്ടാണ് തന്നെ ‘റീ ഇന്‍ട്രഡ്യൂസിങ് ഫഫാ’ എന്ന ടാഗോടെ കൊണ്ടുവന്നതെന്നും ഫഹദ് വ്യക്തമാക്കുന്നു.
‘ഞാന്‍ ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രമോ സിനിമയോ ചെയ്തിട്ടില്ല. എന്റെ യൂഷ്വല്‍ മെഷര്‍മെന്റ് നോക്കുകയാണെങ്കില്‍ ഈ സിനിമയില്‍ എല്ലാം കുറച്ച് എക്‌സാജറേറ്റഡാണ്. പെര്‍ഫോമന്‍സ് മാത്രമല്ല, കഥ നടക്കുന്ന പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ അല്പം വലുതാണ്.
ഈ സ്വഭാവത്തിലുള്ള സിനിമ ഞാന്‍ ആദ്യമായാണ് ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് വളരെ വലുതാണ്. റീ ഇന്‍ട്രഡ്യൂസിങ് എന്ന് പറയാന്‍ കാരണം ഇതാണ്. എനിക്ക് ഞാന്‍ ഇത് ആദ്യം ചെയ്യുന്ന സിനിമ പോലെയാണ് തോന്നിയത്. ഈ സിനിമയിലെ ഓരോ സീനും ആദ്യ അനുഭവമായിരുന്നു,’ ഫഹദ് ഫാസില്‍ പറഞ്ഞു.
സിനിമാപ്രേമികള്‍ ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചെമന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്.
ഇത്തരത്തിലൊരു സിനിമ ആദ്യമായി ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണെന്നും എന്തൊക്കെ പറയണം പറയരുത് എന്നറിയില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇതുപോലെയൊരു സിനിമ ആദ്യമായാണ് ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണ്. എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ട എന്നറിയില്ല.
പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ഉള്ളത്, ഈ പടം കാണാന്‍ വളരെ എക്സൈറ്റ്മെന്റാകും എന്നാണ്. ആ കാര്യം ഞാന്‍ ഗ്യാരണ്ടി ചെയ്യാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശം. പടം എന്താണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ ആവില്ല. പക്ഷേ ഒരുപാട് എക്സൈറ്റിങ് മൊമന്റുകളുണ്ട്,’ ഫഹദ് ഫാസില്‍ പറഞ്ഞു.
Content Highlight: Fahadh Faasil Says Why Aavesham Use Re-introducing Fafa Tag