| Thursday, 21st July 2022, 12:45 pm

റിലീസിന് ശേഷം വിക്രവും കണ്ടില്ല, ലോകേഷിനേയും കണ്ടില്ല: ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ്- കമല്‍ ഹാസന്‍ കോമ്പിനേഷനില്‍ എത്തിയ വിക്രം വലിയ തരംഗമാണ് ഇന്ത്യന്‍ സിനിമാ ലോകത്ത് ഉണ്ടാക്കിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രത്തിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയിരുന്നു. അമര്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

വിക്രം സിനിമ റിലീസിന് ശേഷം കണ്ടിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ചെയ്ത വീഡിയോ കോളില്‍ ലോകേഷിനോട് തന്നെയാണ് വിക്രം കണ്ടില്ലെന്ന് ഫഹദ് പറഞ്ഞത്.

വിക്രം കണ്ടോ എന്നായിരുന്നു ലോകേഷ് ഫഹദിനോട് ചോദിച്ചത്. ഇല്ല സാര്‍, റിലീസിന് മുമ്പ് നിങ്ങളുടെ കൂടെ കണ്ടതാണ് റിലീസിന് ശേഷം കണ്ടില്ല എന്നായിരുന്നു ഫഹദിന്റെ മറുപടി. ചെന്നൈയില്‍ വന്നിട്ട് നിങ്ങളോടൊപ്പം വിക്രം കാണുമെന്നും ഫഹദ് ലോകേഷിനോട് പറഞ്ഞു. ഫഹദിന്റെ പുതിയ ചിത്രം മലയന്‍കുഞ്ഞിന് ലോകേഷ് ആശംസകളും നേര്‍ന്നു.

എന്നെ എന്തിനാണ് വിക്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്നായിരുന്നു ഫഹദ് ലോകേഷിനോട് ചോദിച്ചത്. വി ഓള്‍ ലവ് യു എന്നാണ് ലോകേഷ് മറുപടി പറഞ്ഞത്. ഫഹദിനൊപ്പമുള്ള അടുത്ത സിനിമ ഉടന്‍ തന്നെ വരുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. വിക്രം റിലീസ് ചെയ്തതിന് ശേഷം ലോകേഷിനെ കണ്ടിട്ടില്ലെന്നും കോള്‍ വെച്ചതിന് ശേഷം ഫഹദ് പറഞ്ഞു.

അതേസമയം ജൂലൈ 22ന് ഫഹദിന്റെ മലയന്‍കുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ സജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണന്‍ ആണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Fahadh faasil says Neither Vikram nor Lokesh seen after release of the movie

We use cookies to give you the best possible experience. Learn more