ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. വിഷു റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിക്കുമുകളില്‍ കളക്ട് ചെയ്തു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
രംഗനായി ഫഹദിന്റെ പെര്‍ഫോമന്‍സ് സെന്‍സേഷനായി മാറി. സംവിധായകന്‍ ജിത്തു മാധവന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ആവേശത്തിന്റെ കഥയെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ജിത്തു മാധവന്‍ കഥ പറയാന്‍ വന്നപ്പോള്‍ തന്നെ ഈ കഥ അയാളുടെ ജീവിതത്തില്‍ നടന്നതാണെന്ന് പറഞ്ഞാണ് തുടങ്ങിയതെന്ന് ഫഹദ് പറഞ്ഞു.
ജിത്തുവിന്റെ കോളേജ് കാലത്ത് നടന്ന കഥയാണെന്ന് കേട്ടപ്പോള്‍ തന്നെ തനിക്ക് ഇന്‍ട്രസ്റ്റിങ്ങായി തോന്നിയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. രംഗന്‍ എന്ന കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ തനിക്ക് ഫണ്‍ ആയി തോന്നിയെന്നും എന്നാല്‍ യഥാര്‍ത്ഥ രംഗണ്ണന്റെ പകുതി മാനറിസം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂവെന്നും ഫഹദ് പറഞ്ഞു.
തങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുന്നതിലും വൈല്‍ഡാണ് യഥാര്‍ത്ഥ രംഗനെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അടി എന്ന് കേട്ടാല്‍ ആ വഴിക്ക് പോകാത്തയാളാണ് യഥാര്‍ത്ഥ രംഗനെന്നും അയാള്‍ ഒടുവില്‍ അടിക്കുന്നതിലാണ് കഥയുടെ രസകരമായ ഭാഗമായി തോന്നിയതെന്നും ഫഹദ് പറഞ്ഞു. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
‘അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ കഥ പറയാന്‍ വേണ്ടി എന്നെ ആദ്യം വിളിച്ചത്. ‘ജിത്തുവിന്റെ കൈയില്‍ തനിക്ക് പറ്റിയ കഥയുണ്ട്’ എന്നാണ് അന്‍വര്‍ പറഞ്ഞത്. ജിത്തു വന്നിട്ട് ഇത് അയാളുടെ ലൈഫില്‍ നടന്ന ഒരു എപ്പിസോഡാണെന്ന് പറഞ്ഞിട്ടാണ് കഥ തുടങ്ങിയത്. പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജിത്തു കണ്ടുമുട്ടിയ ആളാണ് രംഗന്‍. ജിത്തുവിന്റെ ലൈഫില്‍ നടന്നൊരു കഥയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഇന്‍ട്രസ്റ്റിങ്ങായി. ഒരു സിനിമക്കുള്ള സ്‌കോപ്പ് ആ കഥയില്‍ ഉള്ളതായി തോന്നി.
അയാളുടെ ബോഡി ലാംഗ്വേജൊക്കെ പിന്നീടാണ് ജിത്തു പറഞ്ഞ് തന്നത്. ഇപ്പോള്‍ കാണുന്നതിനെക്കാള്‍ ഫണ്‍ ആയിരുന്നു അയാളുടെ യഥാര്‍ത്ഥ മാനറിസം. പകുതി മാനറിസം മാത്രമേ നമ്മള്‍ കാണിച്ചുള്ളൂ. ബാക്കിയൊന്നും കാണിക്കാന്‍ പറ്റില്ല, അത്രക്ക് വൈല്‍ഡാണ് പുള്ളി. അടി എന്ന് കേട്ടാല്‍ ആ വഴിക്ക് പോകാത്തയാളായിരുന്നു പുള്ളി. പക്ഷേ, അവസാനം പുള്ളിയും അടിക്കാന്‍ ഇറങ്ങുന്നുണ്ട്. അതായിരുന്നു കഥ,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil says his character in Aavesham was real