ഇറ്റാലിയന്‍ സിനിമയായ സിനിമാ പാരഡൈസോയാണ് തന്റെ ജീവിതം മാറ്റിയ സിനിമയെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. അതുപോലൊരു സിനിമയുടെ ഭാഗമാകാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് 1988ല്‍ പുറത്തിറങ്ങിയ സിനിമാ പാരഡൈസോ. ഇറ്റലിയിലെ ഒരു ഗ്രാമത്തില്‍ സിനിമയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു കുട്ടിയുടെ കഥ പറഞ്ഞ ചിത്രം ഇന്നും ക്ലാസിക്കായി നിലനില്ക്കുന്ന ഒന്നാണ്.
സിനിമാ പാരഡൈസോക്ക് പുറമെ, 2000ല്‍ പുറത്തിറങ്ങിയ മെക്‌സിക്കന്‍ ചിത്രം അമോറസ് പെറോസും തന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിനോടൊപ്പം പറയാന്‍ പറ്റുന്ന ഏതെങ്കിലും മലയാള സിനിമയുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍- പദ്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രം തൂവാനത്തുമ്പികളാണ് സിനിമാ പാരഡൈസോയുടയെും അമോറസ് പെറോസിന്റെയും ഒപ്പം ചേര്‍ത്തുവെക്കാന്‍ കഴിയുന്ന മലയാള ചിത്രമെന്ന് ഫഹദ് പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇതോടൊപ്പം തനിക്ക് ഇന്ത്യന്‍ സിനിമയില്‍ ഇഷ്ടപ്പെട്ട ഇന്‍ട്രോ ഷോട്ട് എതാണെന്ന ചോദ്യത്തിനും ഫഹദ് മറുപടി നല്‍കി. ഒരു പ്രത്യേക സിനിമയെ മാത്രം എടുത്തു പറയാന്‍ കഴിയില്ലെന്നും മണിരത്‌നം സിനിമകളില്‍ നായകനും നായികയും കണ്ടുമുട്ടുന്ന സീനുകളാണ് തനിക്ക് ഏറ്റവുമിഷ്ടമെന്ന് താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ചെയ്യുന്നതുപോലെ ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറാരുമില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘ഒരു സീന്‍ മാത്രം എടുത്തു പറയാന്‍ കഴിയില്ല. ഇന്‍ട്രോ സീന്‍ എന്നു പറഞ്ഞാല്‍ മനസിലേക്ക് ആദ്യം ഓടി വരുന്നത് മണിരത്‌നം സിനിമകളില്‍ നായകനും നായികയും ആദ്യമായി കാണുന്ന സീന്‍ എപ്പോഴും സ്‌പെഷ്യലായിരിക്കും. അത്തരം സീനുകള്‍ എടുക്കുന്നതില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റാരുമില്ല. ബോംബൈ, പല്ലവി അനുപല്ലവി, ദില്‍ സേ, നായകന്‍ ഈ സിനിമകളൊക്കെ അതിനുദാഹരണമാണ്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil saying Thoovanathumbikal is the film that he want to add with Cinema Paradiso