പാന്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് ഒരിക്കലും തന്റെ കരിയറിനെ മാറ്റുമെന്ന് കരുതുന്നില്ലെന്ന ഫഹദ് ഫാസില്‍. തന്റെ പുതിയ ചിത്രമായ ആവേശത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. പുഷ്പ എന്ന സിനിമക്ക് ശേഷം കേരളത്തിന് പുറത്തേക്ക് താങ്കളുടെ ലിമിറ്റ് വളര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.
പുഷ്പ എന്ന സിനിമ തന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും ഇത് താന്‍ സംവിധായകന്‍ സുകുമാറിനോടും പറഞ്ഞിട്ടുണ്ടെന്നും ഫഹദ് മറുപടി നല്‍കിയത്. തനിക്ക് അത് മറച്ചുവെക്കേണ്ട കാര്യവുമില്ലെന്നും മലയാളം ഇന്‍ഡസ്ട്രിയില്‍ തനിക്ക് വേണ്ട സിനിമകള്‍ കിട്ടുന്നുണ്ടെന്നും താരം പറഞ്ഞു. പുഷ്പ എന്ന സിനിമ മാജിക്കായി കാണേണ്ട ആവശ്യമില്ലെന്നും സുകുമാര്‍ സംവിധായകനോടുള്ള സ്‌നേഹത്തിന്റെ പുറത്തുണ്ടായ സിനിമയാണെന്നും താരം പറഞ്ഞു.
‘പുഷ്പ എന്ന സിനിമ എന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. സംവിധായകന്‍ സുകുമാറിനോടും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇത് എവിടെയും ആരോടും മറച്ചുവെക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് വേണ്ട സിനിമകള്‍ ഇവിടെനിന്ന് തന്നെ ലഭിക്കുന്നുണ്ട്. പുഷ്പ എന്ന സിനിമയെ ഒരു മാജിക്കായി പലരും കാണുന്നുണ്ട്. സത്യത്തില്‍ അതിന്റെ ആവശ്യമൊന്നുമില്ല.
സുകുമാര്‍ എന്ന സംവിധായകനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് ഞങ്ങള്‍ രണ്ടുപേരും കൊളാബ്‌റേറ്റ് ചെയ്തപ്പോള്‍ ഉണ്ടായ സിനിമയാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ആ സിനിമ കാരണം എന്റെ ലിമിറ്റുകള്‍ വളര്‍ന്നുവെന്ന് കരുതുന്നുമില്ല. എന്റെ സ്ഥലം എന്നു പറയുന്നത് ഇവിടെയാണ്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി എന്ന് കരുതുന്നില്ല. എന്നെക്കാള്‍ മികച്ച നടന്മാര്‍ ഉണ്ട്.
വിക്കി കൗശല്‍ കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച നടനായിട്ടാണ് ഞാന്‍ കാണുന്നത്. ഇന്ത്യന്‍ സിനിമ സൃഷ്ടിച്ചെടുത്ത മികച്ച നടന്‍ രാജ്കുമാര്‍ റാവുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഇന്ത്യന്‍ സിനിമയിലെ മികച്ച നടനായി ഞാന്‍ കരുതുന്നത് രണ്‍ബീര്‍ കപൂറിനെയാണ്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil saying that Pushpa movie did not bring any change in his career