സിനിമകളെപ്പറ്റി സംസാരിക്കാതെ ജീവിതത്തില്‍ മീനിങ്ഫുള്ളായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യൂ: ഫഹദ് ഫാസില്‍
Entertainment
സിനിമകളെപ്പറ്റി സംസാരിക്കാതെ ജീവിതത്തില്‍ മീനിങ്ഫുള്ളായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യൂ: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th April 2024, 8:08 am

ഒരു സിനിമ കണ്ട് തിരിച്ചെത്തിയ ശേഷം അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് ഫഹദ് ഫാസില്‍. അതിന് പകരം ജീവിതത്തില്‍ മീനിങ്ഫുള്ളായ എന്തെങ്കിലും കാര്യം ചെയ്യാനും താരം ആവശ്യപ്പെട്ടു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. സിനിമക്ക് ഒരു ലിമിറ്റ് ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും എല്ലായ്‌പ്പോഴും സിനിമയെപ്പറ്റി സംസാരിക്കുന്നത് മാറേണ്ടതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് തീരുമാനമെടുത്ത നടനാണ് ഫഹദ്. ജീവിത്തിലെ പ്രധാനപ്പെട്ട സമയം ഏതെങ്കിലും നടന് വേണ്ടി മാറ്റിവെക്കാതെ ആ സമയം സ്വന്തം ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഫഹദ് അന്ന് പറഞ്ഞത്. താരത്തിന്റെ പുതിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.

‘ഒരു സിനിമ കണ്ടാല്‍ അതിനെക്കുറിച്ചുള്ള സംസാരം തിയേറ്ററില്‍ വെച്ചോ അല്ലെങ്കില്‍ തിരിച്ച് വീട്ടിലേക്കുള്ള ഡ്രൈവിലോ മാത്രം ഒതുക്കുക. അതിനപ്പുറത്തേക്ക് കൊണ്ടുപോകരുത്. ലൈഫില്‍ വേറെ എത്രയോ മീനിങ്ഫുള്ളായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈയൊരു കാര്യം മാറണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഇതൊന്നും മാറ്റാന്‍ ഞാന്‍ ആളല്ല. സിനിമക്ക് ഒരു ലിമിറ്റ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഫഹദ് പറഞ്ഞു.

തന്റെ സുഹൃത്തുക്കളുടെ കൂടെ ഇരിക്കുന്ന സമയത്തുപോലും സിനിമകളെക്കുറിച്ച് സംസാരിക്കാറില്ലെന്നും ഫഹദ് പറഞ്ഞു. ശ്യാം പുഷ്‌കറിനോടും ദിലീഷ് പോത്തനോടും സംസാരിക്കുമ്പോള്‍ സിനിമ കടന്നുവരാറില്ലെന്നും ആകെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് അമല്‍ നീരദിനോട് മാത്രമാണെന്നും അയാള്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്പോള്‍ പോലും ഞാന്‍ സിനിമയെപ്പറ്റി സംസാരിക്കാറില്ല. ശ്യാമിനോടും ദിലീഷിനോടും സംസാരിക്കുമ്പോള്‍ കൂടുതലും കടന്നുവരുന്ന വിഷയം പുസ്തകങ്ങളും ജീവിതവുമാണ്. ആകെ സിനിമയെപ്പറ്റി സംസാരിക്കുന്നത് അമല്‍ നീരദിനോട് മാത്രമാണ്. ഏതെങ്കിലും സിനിമയെക്കുറിച്ച് ഡൗട്ട് ഉണ്ടായാല്‍ അമലിനോട് ചോദിക്കും. അമലിന് എല്ലാം അറിയാം. സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് അമല്‍ നീരദ്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying that people should stop talking about cinema and do some meaningful things in life