രണ്ട് സിനിമ ചെയ്ത് തിരിച്ചുപോവാന്‍ നിന്നതായിരുന്നു ഞാന്‍, പക്ഷേ വിസ പുതുക്കികിട്ടാത്തതുകൊണ്ട് ഇവിടെ നില്‍ക്കേണ്ടി വന്നു: ഫഹദ് ഫാസില്‍
Entertainment
രണ്ട് സിനിമ ചെയ്ത് തിരിച്ചുപോവാന്‍ നിന്നതായിരുന്നു ഞാന്‍, പക്ഷേ വിസ പുതുക്കികിട്ടാത്തതുകൊണ്ട് ഇവിടെ നില്‍ക്കേണ്ടി വന്നു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd June 2024, 9:03 am

ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നടനാണ് ഫഹദ് ഫാസില്‍. പിന്നീട് വലിയൊരു ഇടവേളയെടുത്ത ശേഷം സിനിമയില്‍ സജീവമാവുകയും ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളാകാന്‍ ഫഹദിന് സാധിച്ചു. എന്നാല്‍ തിരിച്ചു വന്ന സമയത്ത് വെറും രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഫഹദ് പറഞ്ഞു.

എന്നാല്‍ തന്റെ വിസ പുതുക്കി കിട്ടാത്തതുകൊണ്ട് കുറച്ചധികം കാലം വീട്ടില്‍ നില്‍ക്കേണ്ടി വന്നെന്നും, എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ലാതെ കുറേ നാള്‍ വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വന്നെന്നും ഫഹദ് പറഞ്ഞു. അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്തായ രഞ്ജിത്താണ് ആ സമയത്ത് തന്നെ ഒരു സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘തിരിച്ചു വന്ന സമയത്ത് രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോവുക എന്ന് മാത്രമായിരുന്നു എന്റെ പ്ലാന്‍. അത് കഴിഞ്ഞ് ഇതുവരെ എനിക്ക് കിട്ടിയത് മുഴുവന്‍ ബോണസാണ്. എന്നാല്‍ എന്റെ വിസ പുതുക്കി കിട്ടിയില്ല, കുറേക്കാലം വീട്ടില്‍ വെറുതേ ഇരിക്കേണ്ടി വന്നു. ആ സമയത്ത് എന്റെ ഉമ്മ ചോദിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ‘എന്താണ് ഭാവി പരിപാടി’ എന്ന്.

ഞാന്‍ ഒരു സിനിമയുടെ കഥ എഴുതാന്‍ പോവുകയാണെന്ന് മറുപടി പറഞ്ഞു. അമ്മയെ പറ്റിക്കാന്‍ വേണ്ടിയാണ് അന്ന് അങ്ങനെ പറഞ്ഞത്. ആ സമയത്ത് അച്ഛന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് എന്നെ ഒരു സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. ആ സിനിമ ചെയ്ത ശേഷം ഒരു സിനിമ കൂടി എനിക്ക് കിട്ടി. അതുകൂടി ചെയ്ത് കഴിഞ്ഞ് തിരിച്ചുപോകാം എന്ന് പ്ലാന്‍ ചെയ്തു.

എന്നാല്‍ ആ സിനിമക്ക് ശേഷം ചാപ്പാ കുരിശിന്റെ കഥ കേട്ടു, അതും ചെയ്തു. പിന്നീട് ഈ സമയം വരെ എനിക്ക് കിട്ടിയതൊക്കെ ബോണസാണ്. ഒരിക്കലും ഇത്രയും കാര്യങ്ങള്‍ എന്റെ ലക്ഷ്യമല്ലായിരുന്നു. അതൊക്കെ സംഭവിച്ചുപോയതാണ്. അല്ലാതെ വേറൊന്നുമല്ല,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying that he planned to do just just two films and go back