മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് ഫഹദ് ഫാസില്‍. സ്റ്റാര്‍ഡം നോക്കാതെ തമിഴിലും തെലുങ്കിലും താരം ചെയ്തുവെച്ച വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്. അത്തരത്തില്‍ ഫഹദ് തമിഴില്‍ ചെയ്ത സിനിമയായിരുന്നു 2023ല്‍ പുറത്തിറങ്ങിയ മാമന്നന്‍.
കര്‍ണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു. വടിവേലു എന്ന നടന്റെ ഇതുവരെ കാണാത്ത ഗംഭീര പ്രകടനമായിരുന്നു മാമന്നനില്‍ കണ്ടത്. രത്‌നവേല്‍ എന്ന വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ജാതിവെറിയും അധികാരത്തോടുള്ള മോഹവും കൊണ്ടുനടക്കുന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്.
എന്നാല്‍ സിനിമ റിലീസായ ശേഷം തമിഴ്‌നാട്ടിലെ ചില ഉയര്‍ന്ന ജാതിക്കാര്‍ ഫഹദിന്റെ കഥാപാത്രത്തെ വളരെയധികം ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് തന്നെ അസ്വസ്ഥനാക്കിയെന്നും ആ ആഘോഷം തനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നുവെന്നും ഫഹദ് പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘രത്‌നവേല്‍ എന്ന കഥാപാത്രം ചെയ്യുമ്പോള്‍ അയാളുടെ ജാതി ഏതാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ അത് എന്നെ ബാധിക്കുന്ന കാര്യവുമല്ല. ഉയര്‍ന്ന ജാതിയാണ് താനെന്ന് വിചാരിച്ചു നടക്കുന്ന, അധികാരത്തോട് ആര്‍ത്തിയുള്ള ഒരു കഥാപാത്രം. അത്രയേ ഞാന്‍ നോക്കിയുള്ളൂ. പക്ഷേ സിനിമ തമിഴ്‌നാട്ടില്‍ ഇറങ്ങിയപ്പോള്‍ രത്‌നവേലിന്റെ ജാതിയിലുള്ളവര്‍ ആ കഥാപാത്രത്തെ ആഘോഷമാക്കി.
അത് നോക്കി നില്ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. എനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നതിനപ്പുറമാണ്. പക്ഷേ ആ കഥാപാത്രത്തെ എടുത്തു നോക്കിയാല്‍ അയാള്‍ക്ക് രണ്ട് വശമുണ്ട്. ഒന്ന് അയാളുടെ അധികാരത്തിന്റെ ഹുങ്ക്. രണ്ടാമത്തേത് അയാള്‍ എന്തൊക്കെ ചെയ്തിട്ടാണ് ആ സ്ഥാനത്തേക്കെത്തിയത്. ഇതില്‍ രണ്ടാമത്തെ പോയിന്റാകും ആഘോഷിച്ചവര്‍ എടുത്തിട്ടുണ്ടാവുക,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil saying celebrating his character in Maamannan in Tamilnadu is beyond his control