| Thursday, 21st July 2022, 3:19 pm

മലയന്‍കുഞ്ഞിന്റെ അത്രയും ആ സിനിമയും കഷ്ടപ്പെടുത്തി, ശബ്ദം പോലും നഷ്ടപ്പെട്ടു: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടാവുന്ന മനുഷ്യാവസ്ഥകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന മലയന്‍കുഞ്ഞിന്റെ ബി.ടി.എസ് വീഡിയോ ശ്രദ്ധ നേടിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടാവുന്ന പാറക്കല്ലും മണ്‍കൂനയുമെല്ലാം അണിയറപ്രവര്‍ത്തകര്‍ തന്നെ സൃഷ്ടിക്കുകയായിരുന്നു.

ഇതിനിടക്കുള്ള ചെറിയ സ്‌പേസിലാണ് ഷൂട്ട് നടന്നത്. ഷൂട്ടിന്റെ ഭൂരിഭാഗം സമയത്തും നിവര്‍ന്നു നില്‍ക്കാനാവാതെ കുനിഞ്ഞാണ് ഷൂട്ട് ചെയ്തതെന്ന് ഫഹദ് പറയുന്നു. മലയന്‍കുഞ്ഞ് പോലെ കഷ്ടപ്പെട്ട സിനിമ ട്രാന്‍സ് ആണെന്നും ബിഹൈന്‍വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

‘മലയന്‍കുഞ്ഞിന്റെയത്രയും ഫിസിക്കലി ടയേര്‍ഡാക്കിയ സിനിമ ട്രാന്‍സ് ആണ്. എല്ലാം വൈഡ് ഷോര്‍ട്ട്‌സും ലോങ് ഷോര്‍ട്ട്‌സുമായിരുന്നു. സുവിശേഷമൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യണമായിരുന്നു. അന്ന് സംസാരിച്ച് സംസാരിച്ച് ശബ്ദമൊക്കെ പോയിരുന്നു. പൂര്‍ണമായും ശബ്ദമില്ലാതായ ദിവസങ്ങളുണ്ട്,’ ഫഹദ് പറഞ്ഞു.

‘കൊവിഡിന്റെ പീക്ക് സ്റ്റേജിലാണ് മലയന്‍കുഞ്ഞ് ഷൂട്ട് ചെയ്തത്. അതിനാല്‍ എല്ലാവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. ടെക്‌നിക്കല്‍ കാര്യങ്ങളും ആക്ഷനുമൊക്കെ ചെയ്യാന്‍ ബോംബെയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരെ സുരക്ഷിതരാക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. കാരണം അവര്‍ക്ക് തിരിച്ച് പോയിട്ട് വലിയ പടങ്ങള്‍ ചെയ്യാനുള്ളതാണ്.

വാപ്പയുടെ പ്രയോരിറ്റി എല്ലാവരുടെയും ആരോഗ്യമായിരുന്നു. പതുക്കെ ചെയ്താലും കുഴപ്പമില്ല, ആരോഗ്യം നോക്കണമെന്നാണ് പറഞ്ഞത്. ഇത്രയും സ്‌ട്രെസ് എടുത്ത് എന്റെ സുഹൃത്തുക്കളൊക്കെ സിനിമ ചെയ്തിട്ടുണ്ട്. ഇതെല്ലാം സിനിമയുടെ ഭാഗമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹേഷ് നാരായണന്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഫാസിലാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക.

Content Highlight: Fahadh faasil said that the film that suffered like Malayankunj is trans

We use cookies to give you the best possible experience. Learn more