| Thursday, 10th October 2024, 4:43 pm

ദി റിയല്‍ ഷോ സ്റ്റീലര്‍ ഫഫ; ആണ്ടവരോ തലൈവരോ, ആരായാലും കാര്യമില്ല

അമര്‍നാഥ് എം.

കേരളത്തിന് പുറത്ത് സിനിമാമേഖലയിലുള്ള പലരും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം പറയുന്ന പേരാണ് ഫഹദിന്റേത്. ആദ്യസിനിമയില്‍ തന്നെ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട ഒരു നടന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം സംസാരിക്കപ്പെടുന്ന ഒരാളായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. രണ്ടാം വരവില്‍ ഒരുപാട് സിനിമകള്‍ ചെയ്ത ഫഹദിനെ ആദ്യകാലത്ത് നസ്രിയയുടെ ഭര്‍ത്താവെന്നായിരുന്നു തമിഴ്‌നാട്ടുകാര്‍ പറഞ്ഞിരുന്നത്.

2015ല്‍ റിലീസായ തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് ഫഹദിനെയായിരുന്നു. എന്നാല്‍ അന്ന് ആ വേഷം ഫഹദ് നിരസിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അതേ സംവിധായകന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് തമിഴില്‍ തന്റെ അരങ്ങേറ്റം കുറിച്ചു. കോര്‍പറേറ്റ് മുതലാളിയായ അധിപന്‍ മാധവിനെ ഫഹദ് അതിഗംഭീരമായി അവതരിപ്പിച്ചു. നായകനായ ശിവകാര്‍ത്തികേയനെ കാഴ്ചക്കാരനാക്കിക്കൊണ്ടായിരുന്നു ഫഹദിന്റെ പ്രകടനം.

രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തമിഴില്‍ ഫഹദ് തന്റെ സാന്നിധ്യമറിയിച്ചു. ഒരുപാട് നിരൂപകപ്രശംസ ലഭിച്ച സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലും ഫഹദ് തന്റെ പെര്‍ഫോമന്‍സിന്റെ റേഞ്ച് എന്താണെന്ന് കാണിച്ചു. നോണ്‍ ലീനിയറായി കഥ പറഞ്ഞ ചത്രത്തില്‍ ഒരേസമയം ഫണ്ണിയായും അതോടൊപ്പം സീരിയസായിട്ടുമുള്ള മുകിലന്‍ ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി.

സൗത്ത് ഇന്ത്യ മുഴുവന്‍ ഫഹദിന് ഫാന്‍ബെയ്‌സ് ഉണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു 2021ല്‍ റിലീസായ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു ഫഹദ് അവതരിച്ചത്. പുഷ്പയുടെ അവസാനത്തെ 20 മിനിറ്റില്‍ സ്‌ക്രീനില്‍ വന്ന് നായകന് മുകളില്‍ നില്‍ക്കുന്ന വില്ലനിസം ഫഹദ് കാഴ്ചവെച്ചു. രണ്ടാം ഭാഗത്തില്‍ ഭന്‍വര്‍ സിങ് ഷെഖാവത്തിന്റെ താണ്ഡവം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

പുഷ്പക്ക് ശേഷം സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു കമല്‍ ഹാസന്റെ വിക്രമിന്റേത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവരോടൊപ്പം ഫഹദിന്റെ ചിത്രവും കണ്ടപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. കമലിനെപ്പോലൊരു ആക്ടിങ് ലെജന്‍ഡിനൊപ്പം ഫഹദ് സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത് കാണാന്‍ സിനിമാലോകം അക്ഷമയോടെ കാത്തിരുന്നു.

ചിത്രത്തിന്റെ ആദ്യപകുതി മുഴുവന്‍ ഫഹദ് ഒറ്റക്ക് ഷോള്‍ഡര്‍ ചെയ്യുകയായിരുന്നു. അമര്‍ എന്ന ബ്ലാക്ക് സ്‌ക്വാഡ് ഏജന്റ് ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു. ലോകേഷ് എന്ന സംവിധായകന്‍ തന്റെ ഇഷ്ടനടനോടൊപ്പം ഫഹദിനും പ്രാധാന്യം നല്‍കിയ ചിത്രം താരത്തിന്റെ സ്റ്റാര്‍ഡം ഉയരത്തിലാക്കി.

വീണ്ടും തമിഴില്‍ വില്ലനായി ഫഹദ് ഞെട്ടിച്ച ചിത്രമായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍. ജാതിവെറിയോടൊപ്പം താനാണ് ഉയര്‍ന്നവന്‍ എന്ന ചിന്തയും മനസില്‍ കൊണ്ടുനടക്കുന്ന രത്‌നവേലു തമിഴ് സിനിമ അടുത്തിടെ കണ്ട മികച്ച വില്ലന്മാരില്‍ ഒരാളാണ്.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന വേട്ടയ്യനിലും പ്രധാന ആകര്‍ഷണം ഫഹദ് തന്നെയാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍ എന്നിവര്‍ ഉണ്ടായിരുന്നിട്ട് കൂടി ഷോ സ്റ്റീലറായത് ഫഹദ് അവതരിപ്പിച്ച പാട്രിക്കായിരുന്നു. രജിനിയോടൊപ്പമുള്ള സീനുകളില്‍ പോലും ഫഹദ് സ്‌കോര്‍ ചെയ്ത രീതി ഗംഭീരമായിരുന്നു. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പാളിപ്പോയേക്കാവുന്ന കഥാപാത്രത്തെ ഫഹദ് സമീപിച്ച രീതി കൈയടി അര്‍ഹിക്കുന്നതാണ്.

ഫഹദിന്റെ ഡേറ്റ് കിട്ടുന്നതുവരെ ഒരു സംവിധായകന്‍ രജിനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങിയ കാസ്റ്റിനെ ഹോള്‍ഡ് ചെയ്തത് എന്തിനായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി. എതിരെ നില്‍ക്കുന്നത് ആണ്ടവരായാലും തലൈവരായാലും തന്റെ കഥാപാത്രം കൊണ്ട് അവരോടൊപ്പമോ അവര്‍ക്ക് മേലെയോ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരേയൊരു നടന്‍ ഫഹദാണ്. ദി റിയല്‍ ഷോ സ്റ്റീലര്‍.

Content Highlight: Fahadh Faasil’s performance in other languages

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more