കേരളത്തിന് പുറത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മലയാളനടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. തന്റെ രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന ഫഹദ് വേലൈക്കാരനിലൂടെ മലയാളത്തിന് പുറത്തും സാന്നിധ്യമറിയിച്ചു. കുമ്പളങ്ങി നൈറ്റ്‌സ് ഒ.ടി.ടി റിലീസിന് പിന്നാലെ മറ്റ് ഭാഷകളില്‍ ചര്‍ച്ചയായി മാറി. കൊവിഡിന് ശേഷം ഫഹദിന് അന്യഭാഷയില്‍ വലിയ രീതിയില്‍ ഫാന്‍ ബേയ്‌സും ഉയര്‍ന്നുവന്നു.
ആ സമയത്താണ് പുഷ്പയിലൂടെ തന്റെ തെലുങ്ക് അരങ്ങേറ്റം ഫഹദ് നടത്തുന്നത്. ചിത്രത്തില്‍ പ്രധാന വില്ലനായി ഫഹദ് എത്തുമെന്ന് ആദ്യം അറിഞ്ഞെങ്കിലും പിന്നീട് രണ്ട് ഭാഗങ്ങളില്‍ ഇറങ്ങുന്ന ചിത്രത്തില്‍ 20 മിനിറ്റ് മാത്രമുള്ള വേഷത്തിലേക്ക് ചുരുങ്ങി. എന്നാല്‍ ആ 20 മിനിറ്റ് ഒരു മലയാളനടന്‍ തെലുങ്കില്‍ കാണിച്ച ഏറ്റവും മികച്ച പെര്‍ഫോമന്‍സായി മാറിയിരുന്നു. രണ്ടാം ഭാഗത്തിന് കാത്തിരിക്കാനുള്ള ഏറ്റവും പ്രധാന ഘടകം ഫഹദ് അവതരിപ്പിച്ച ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന വില്ലനായിരുന്നു.
എന്നാല്‍ കെ.ജി.എഫ്. 2വിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ സുകുമാര്‍ പുഷ്പ 2വിന്റെ സ്‌ക്രിപ്റ്റ് മുഴുവന്‍ പൊളിച്ചെഴുതിയത് വലിയ വാര്‍ത്തയായിരുന്നു. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ആദ്യദിനം തന്നെ മലയാളികള്‍ കാണാന്‍ കാരണം അല്ലു അര്‍ജുനും ഫഹദും തമ്മിലുള്ള ഫേസ് ഓഫ് സീനുകള്‍ കാണാനായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ അമ്പേ തകര്‍ത്തു കളയുകയായിരുന്നു സുകുമാര്‍.
ഫഹദിനെപ്പോലെ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള നടനെ എത്രമാത്രം കോമാളിയാക്കാന്‍ കഴിയുമോ അത്രയും കോമാളിയാക്കിയാണ് സുകുമാര്‍ അവതരിപ്പിച്ചത്. തന്റെ ഈഗോ ഹര്‍ട്ടായ ഒരു ഡെവിളിഷ് പൊലീസ് ഓഫീസറെ രണ്ടാം ഭാഗത്തില്‍ നായകന് തട്ടിക്കളിക്കാനുള്ള വെറുംഉപകരണം മാത്രമാക്കി സുകുമാര്‍ മാറ്റിക്കളഞ്ഞു. ആദ്യഭാഗത്തില്‍ ആ കഥാപാത്രത്തിനുണ്ടായിരുന്ന ആത്മാവിനെ രണ്ടാം ഭാഗത്തില്‍ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും.
ടിപ്പിക്കല്‍ തെലുങ്ക് സിനിമകളില്‍ വില്ലനെ ട്രീറ്റ് ചെയ്യുന്നതിനെക്കാള്‍ പരിതാപകരമായിരുന്നു പുഷ്പ 2വില്‍ ഫഹദിന്റെ കഥാപാത്രത്തെ സുകുമാര്‍ ട്രീറ്റ് ചെയ്തത്. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ പുറത്തുനിന്നുള്ള സ്റ്റാറുകളെ നല്ല രീതിയില്‍ ട്രീറ്റ് ചെയ്യുന്ന ഈ കാലത്ത് നായകന്റെ മൂത്രത്തില്‍ കുളിക്കേണ്ടി വരുന്ന വില്ലനായി ഫഹദിനെ മാറ്റിയത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.
യാതൊരു ഈഗോയുമില്ലാതെ ഫഹദ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് വേണമെങ്കില്‍ ന്യായീകരിക്കാം. പക്ഷേ, നായകന്റെയും വില്ലന്റെയും ഈഗോ ക്ലാഷ് കാണിക്കാമെന്ന് പറഞ്ഞ് ഒടുവില്‍ നായകന്റ വണ്‍ മാന്‍ ഷോയ്ക്ക് വേണ്ടി ഫഹദിനെ കോമാളിയാക്കിയത് അംഗീകരിക്കാന്‍ കഴിയില്ല. പലതവണ വെട്ടിത്തിരുത്തിയ സ്‌ക്രിപ്റ്റില്‍ നിന്ന് ഫഹദ് സഹികെട്ട് പിന്മാറിയതാണോ എന്നുവരെ ഒരു ഘട്ടത്തില്‍ ചിന്തിച്ചുപോയി.
നായകന് മുകളില്‍ ആരും സ്‌കോര്‍ ചെയ്യരുത് എന്ന ചിന്തയില്‍ സ്‌ക്രിപ്റ്റ് തിരുത്തിയപ്പോള്‍ ആദ്യഭാഗത്തില്‍ ഗംഭീരമായി അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും നിറംകെടുത്തിക്കളഞ്ഞു. ഫഹദിന്റെ കഥാപാത്രത്തിന് കൊടുത്ത എന്‍ഡിങ് കാണുമ്പോള്‍ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ അധഃപതനമാണ് കാണാന്‍ സാധിച്ചത്. നായകന്റെ മാസ് മാത്രം കാണാന്‍ ടിക്കറ്റെടുക്കുന്ന പ്രേക്ഷകര്‍ ഒരുപക്ഷേ പുഷ്പക്ക് റെക്കോഡ് കളക്ഷന്‍ സമ്മാനിച്ചേക്കും. എന്നാല്‍ അതൊന്നും പുഷ്പ 2 എന്ന തട്ടിക്കൂട്ട് മാസ് മസാല സിനിമയെ ഒരിക്കലും മഹത്തരമാക്കില്ല.
Content Highlight: Fahadh Faasil’s bad characterization in Pushpa 2