| Sunday, 18th July 2021, 3:22 pm

എന്റെ സിനിമകളില്‍ മതവും രാഷ്ട്രീയവും മാത്രമല്ല ഉള്ളത്, അതിന് പല ലെയറുകളുണ്ട്: വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളില്‍ മതവും രാഷ്ട്രീയവും പ്രമേയമായി കടന്നുവരുന്നതിനോടും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. ബോളിവുഡ്‌ലൈഫ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക്, ട്രാന്‍സ് എന്നീ സിനിമകളുടെ പശ്ചാത്തലത്തില്‍ വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഫഹദ് ഈ വിഷയങ്ങളിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബോളിവുഡില്‍ നിന്നും വ്യത്യസ്തമായി മലയാള സിനിമയില്‍ മതവും രാഷ്ട്രീയവും പ്രമേയമായ സിനിമകളെടുക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നും ഇത്തരം പ്രമേയങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അവതാരകന്റെ ചോദ്യം.

നേരത്തെ ഇറങ്ങിയ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനിടയിലെ ആള്‍ദൈവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവല്ലോയെന്നും മാലികിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോയെന്നും അവതാരകന്‍ ചോദിച്ചിരുന്നു.

തന്റെ സിനിമകളില്‍ മതവും രാഷ്ട്രീയവും മാത്രമല്ല വരുന്നതെന്നും കഥയ്ക്ക് വിവിധ ലെയറുകളുണ്ടെന്നുമായിരുന്നു ഈ ചോദ്യങ്ങളോട് ഫഹദിന്റെ മറുപടി.

‘ട്രാന്‍സിനെതിരെയും വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷെ, ഏതെങ്കിലും മതത്തെയോ പ്രത്യയശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്.

എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് ഇവയുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. ഈ വികാരങ്ങളെന്ന് പറയുന്നത് മറ്റെല്ലാത്തിനേക്കാളും മേലെയാണെന്നാണ് ഞാന്‍ കരുതുന്നത്.

എന്നോട് ആരും നേരിട്ട് ഇക്കാര്യങ്ങള്‍ മുന്‍പ് ചോദിച്ചിട്ടില്ല. എന്റെ സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയര്‍ മാത്രമാണത്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

മാലികിന്റെ സംവിധായകന്‍ മഹേഷ് നാരായണനും അഭിമുഖത്തിലുണ്ടായിരുന്നു. മനുഷ്യരെ കുറിച്ചുള്ള കഥകള്‍ ചെയ്യുമ്പോള്‍ അവരുടെ ജീവിതത്തിലെ എല്ലാ ലെയറുകളെയും കുറിച്ച് സംസാരിക്കേണ്ടി വരുമെന്നായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.

മതവും സാമ്പത്തിക സ്ഥിതിയും ക്ലാസുമെല്ലാം മനുഷ്യരുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളാണെന്നും അതുപോലെ തന്നെയാണ് വ്യക്തിബന്ധങ്ങളെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

ജീവിതങ്ങളോട് സത്യസന്ധത പുലര്‍ത്തിക്കൊണ്ടും, പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതെയും സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സാങ്കല്‍പിക കഥ പറയുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

സംവിധാനത്തിന് പുറമേ മാലിക്കിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരുന്നു.

മാലികിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദി സുലൈമാന്‍ എന്ന അലി ഇക്കയായാണ് ഫഹദ് ഫാസിലെത്തുന്നത്. നിമിഷ, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍, സനല്‍ അമന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fahadh Faasil replies to the backlash to his movies Malik and Trance about themes of religion in those

We use cookies to give you the best possible experience. Learn more