| Thursday, 9th May 2024, 5:22 pm

ഹിറ്റായ മലയാളസിനിമകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രാധാന്യമില്ല?: മറുപടിയുമായി ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമാണ് 2024. ഒരുപിടി നല്ല സിനിമകള്‍ ഉണ്ടാകുന്നതിനോടൊപ്പം അവയില്‍ പലതും ഭാഷയുടെ അതിര്‍ത്തി കടന്ന് സംസാരവിഷയമായി മാറിയത് കാണാന്‍ സാധിച്ച വര്‍ഷമാണ് 2024. കളക്ഷന്റെ കാര്യത്തിലും മലയാള സിനിമ മുന്നേറുന്ന കാഴ്ചയും കാണാന്‍ സാധിച്ചു.

മലയാള സിനിമയിലെ സകലമാന കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത മഞ്ഞുമ്മല്‍ ബോയ്‌സ്, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ഭ്രമയുഗം, റോം കോം എന്റര്‍ടൈനര്‍ പ്രേമലു, ബെംഗളുരു പശ്ചാത്തലമാക്കി വന്ന ആക്ഷന്‍ കോമഡി ചിത്രം ആവേശം എന്നീ സിനിമകള്‍ മലയാള സിനിമയുടെ റേഞ്ച് മാറ്റിക്കളഞ്ഞു.

എന്നാല്‍ ഈ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങളൊന്നുമില്ല എന്ന വിമര്‍ശനം ചിലര്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് ഫഹദ് ഫാസില്‍. ആവേശത്തില്‍ രംഗന്റെയും ബിബിയുടെയും അമ്മമാര്‍ ശക്തരായ കഥാപാത്രമാണെന്നും, ബാക്കി സിനിമകള്‍ ഇതുപോലെ സ്ത്രീ പ്രാധാന്യം ഇല്ലാതെ വന്നത് യാദൃശ്ചികമാണെന്നും ഫഹദ് പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

‘സ്ത്രീ പ്രാധാന്യത്തിന്റെ കാര്യത്തില്‍ പ്രേമലു മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാം കോ ഇന്‍സിഡന്‍സാണെന്നാണ് ഞാന്‍ കരുതുന്നത്. ആവേശത്തില്‍ രംഗന്റയും ബിബിയുടെയും അമ്മമാര്‍ക്ക് നല്ല പ്രാധാന്യം ഉണ്ടായിരുന്നു. അതില്‍ രംഗനും അമ്മയും തമ്മില്‍ കുറച്ചുകൂടി സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

അതുപോലെ അമ്മ ഇറങ്ങിപ്പോകുന്ന സീനിന് കുറച്ചുകൂടി വിശദീകരണം കൊടുത്താലോ എന്ന് ഞാന്‍ ജിത്തുവിനോട് ചോദിച്ചപ്പോള്‍ ജിത്തു പറഞ്ഞത് ആ സീന്‍ ഒറ്റഷോട്ടില്‍ എടുക്കാം എന്നായിരുന്നു. ആവേശത്തിനെക്കുറിച്ച് പറയാനുള്ളത് ഇത്രയേ ഉള്ളൂ. ബാക്കി സിനിമകളുടെ കാര്യം കോ ഇന്‍സിഡന്‍സെന്ന് കരുതാനാണ് എനിക്കിഷ്ടം,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil explains why new Malayalam cinemas has no importance for women

We use cookies to give you the best possible experience. Learn more