| Thursday, 1st August 2024, 4:54 pm

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ഫഹദ് ഫാസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ഫഹദ് ഫാസില്‍. നസ്രിയയുടെയും ഫഹദിന്റെയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസില്‍ ഏന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മാണ കമ്പനി വഴിയാണ് ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.

സിനിമാ താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരും ഇന്ന് ദുരിതാശ്വാസനിധിയിലേക്ക് തുക നല്‍കിയിരുന്നു. സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമായിരുന്നു നല്‍കിയത്. കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 20 ലക്ഷം രൂപയായിരുന്നു വിക്രം ഇന്നലെ നല്‍കിയത്.

കഴിഞ്ഞ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പോസ്റ്റുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ താരങ്ങള്‍ക്ക് പുറമെ നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയിട്ടുണ്ട്. അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 293 പേരാണ് മരിച്ചത്.

Content Highlight: Fahadh Faasil And Friends Donate 25 Lakhs For Wayanad Landslide

We use cookies to give you the best possible experience. Learn more