അടുത്തകാലത്തായി മലയാള സിനിമയിലെ അഭിനേതാക്കള്‍ ബോളിവുഡ് സിനിമകളില്‍ കടന്നുവരാത്തതിന് പിന്നിലെ കാരണമെന്താണെന്ന് ചോദ്യത്തിന് മറുപടി നല്‍കി ഫഹദ് ഫാസില്‍. ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വിവിധ ഇന്‍ഡസ്ട്രികളിലെ അഭിനേതാക്കള്‍ പല ഭാഷകളില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഫഹദ് പങ്കുവെച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള പ്രമുഖ അഭിനേതാക്കള്‍ നേരത്തെ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നില്ല. ബോളിവുഡില്‍ അഭിനയിക്കേണ്ട ആവശ്യകതയില്ലെന്ന് മലയാള അഭിനേതാക്കള്‍ക്ക് തോന്നാന്‍ കാരണമെന്തായിരിക്കാം എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ഇന്ന്, ബോളിവുഡിലുള്ളവര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനായി പോകുകയാണെന്നും പാന്‍ ഇന്ത്യന്‍ സിനിമകള്‍ സംഭവിക്കുന്നത് ദക്ഷിണേന്ത്യന്‍ സിനിമാമേഖലയില്‍ നിന്നാണെന്നും അവതാരകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് ഫഹദ് ഫാസില്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് മറുപടി നല്‍കി.
‘ഒരു മലയാളി നടന്‍ ബോളിവുഡില്‍ വന്ന് സിനിമ ചെയ്യുന്നു എന്ന് പറയുമ്പോള്‍ ആ വ്യക്തി ബോളിവുഡില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് എന്ന് അര്‍ത്ഥമില്ല.
ആ നടന്റെ സന്തോഷത്തിനോ സുഹൃത്ത് ബന്ധങ്ങളുടെ പുറത്തോ അല്ലെങ്കില്‍ ആ സ്‌ക്രിപ്റ്റ് അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടോ ആയിരിക്കാം സിനിമ ചെയ്യുന്നത്. ബോളിവുഡില്‍ സിനിമകള്‍ ചെയ്ത മറ്റു ഭാഷകളിലെ അഭിനേതാക്കളെ ആരെ നോക്കിയാലും ഇത് കാണാനാകും.
ഒരു കലാകാരന് എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനും അറിയാനുമുള്ള അവസരമുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ ഭാഷയൊന്നും വിഷയമാകേണ്ടതില്ല.
സിനിമകള്‍ ചെയ്യണമെന്നല്ല, സിനിമകളെയും വിഷയങ്ങളെയും കുറിച്ച് വ്യത്യസ്ത ഇന്‍ഡസ്ട്രികളിലുള്ളവര്‍ വെറുതെ ചര്‍ച്ച ചെയ്യുന്നതു പോലും ഇതിന്റെ ഭാഗമാണ്. അത്തരത്തിലുള്ള സംഭാഷണങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. കമല്‍ ഹാസനൊക്കെ എണ്‍പതുകള്‍ മുതല്‍ വിവിധ ഭാഷകളിലെ അഭിനേതാക്കളുമായി വര്‍ക്ക് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.
ഏത് ഭാഷയിലായാലും സിനിമകള്‍ ചെയ്യുന്നതിലെ ഏറ്റവും പ്രധാന ഘടകം സ്‌ക്രിപ്റ്റാണ്. ആ സ്‌ക്രിപ്റ്റിനെ അടിസ്ഥാനമാക്കിയാണ് സിനിമകളുണ്ടാകുന്നത്. ഇപ്പോള്‍ സിനിമാക്കാര്‍ വ്യത്യസ്ത ഭാഷകളില്‍ വര്‍ക്ക് ചെയ്യുന്നത് നമ്മള്‍ കൂടുതലായി കാണുന്നുണ്ട്. അത് ഇനിയും വര്‍ധിക്കും,’ ഫഹദ് ഫാസില്‍ പറഞ്ഞു.