ഇക്കാര്യം ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് എന്നെ ഇറക്കിവിട്ടേക്കും; മലയന്‍കുഞ്ഞിലെ അനിക്കുട്ടനെ പോലെ ചില ശബ്ദങ്ങള്‍ അസ്വസ്ഥപ്പെടുത്താറുണ്ട്: ഫഹദ് ഫാസില്‍
Movie Day
ഇക്കാര്യം ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് എന്നെ ഇറക്കിവിട്ടേക്കും; മലയന്‍കുഞ്ഞിലെ അനിക്കുട്ടനെ പോലെ ചില ശബ്ദങ്ങള്‍ അസ്വസ്ഥപ്പെടുത്താറുണ്ട്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 11:46 am

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞ് തിയേറ്റുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. എപ്പോഴത്തേയും പോലെ തന്നെ ചിത്രത്തിലെ ഫഹദിന്റെ പ്രകടനം പ്രക്ഷേകരെ ഞെട്ടിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിന്റെ ഭീകരത നേര്‍കാഴ്ചയാകുന്ന ചിത്രത്തില്‍ അസാധ്യ പ്രകടനമാണ് ഫഹദ് നടത്തിയത്.

ചെറിയ ശബ്ദങ്ങള്‍ പോലും അസ്വസ്ഥപ്പെടുത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഫഹദിന്റെ അനിക്കുട്ടന്‍. ഒരു ശബ്ദം പോലെ കേള്‍ക്കാതിരിക്കാന്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് ജോലി ചെയ്യുന്ന ആളാണ് അനിക്കുട്ടന്‍. ആ അനിക്കുട്ടന്റെ ജീവിതത്തിലേക്ക് എത്തുന്ന പൊന്നിയെന്ന കുഞ്ഞ് അതിഥിയാണ് പിന്നീട് ചിത്രത്തിന്റെ ഗതി മാറ്റുന്നത്. പൊന്നിയുടെ കരച്ചിലില്‍ തകിടം മറിയുന്ന അനിക്കുട്ടന്റെ ജീവിതവും തുടര്‍സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അനിക്കുട്ടനെ പോലെ തന്നെ ചില ശബ്ദങ്ങള്‍ തന്നേയും അസ്വസ്ഥതപ്പെടുത്താറുണ്ടെന്ന് പറയുകയാണ് ഫഹദ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ചില കാര്യങ്ങള്‍ ഫഹദ് പറഞ്ഞത്.

ജീവിതത്തില്‍ ശല്യമായ ചില ശബ്ദങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. ‘അത്തരം ചില ശബ്ദങ്ങള്‍ ഉണ്ട്. പക്ഷേ ഞാനത് പറഞ്ഞാല്‍ എന്നെ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ചിലപ്പോള്‍ ഇറക്കിവിടും(ചിരി). എനിക്ക് രാത്രിയുള്ള ശബ്ദങ്ങള്‍ പ്രത്യേകിച്ച് മുകള്‍ നിലയില്‍ നിന്ന് കട്ടില്‍ വലിക്കുക കസേര വലിക്കുക പോലുള്ളത് എന്നെ അസ്വസ്ഥപ്പെടുത്തും.

ചീവീടിന്റെ ശബ്ദം നേരത്തെ അസ്വസ്ഥപ്പെടുത്തുമായിരുന്നു. പക്ഷേ ഇയ്യോബിന്റെ പുസ്തകം ഷൂട്ട് ചെയ്തത് ഫുള്‍ ചീവീടിന്റെ ശബ്ദത്തോടെയാണ്. അതുകൊണ്ട് അത് യൂസ്ഡ് ആയി. രാത്രി ഇങ്ങനെയുള്ള നോയിസസ് ഇറിറ്റേറ്റഡാണ്, ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞ് ഷൂട്ട് എല്ലാവരേയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നെന്നും നാല്‍പ്പത് ദിവസമൊക്കെ കഴിഞ്ഞപ്പോഴേക്ക് എല്ലാവര്‍ക്കും വയ്യാതായെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു. മാനസിക ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. പിന്നെ എല്ലാവരുടേയും പിന്തുണയോടെയാണ് ഷൂട്ട് തീര്‍ത്തത്.

കൊവിഡ് പീക്കിലാണ് ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടേയും ആരോഗ്യം പ്രധാനമായിരുന്നു. ചിത്രത്തില്‍ ടെ്കനിക്കല്‍ ആക്ഷന്‍ ചെയ്യാന്‍ 50 പേരുള്ള ക്രൂവിനെ മുംബൈയില്‍ നിന്ന് കൊണ്ടുവന്നിരുന്നു. അവരെ സുരക്ഷിതരാക്കുക എന്നതായിരുന്നു പ്രധാനം. കാരണം അവര്‍ക്ക് ഇത് കഴിഞ്ഞിട്ട് വലിയ വലിയ പടങ്ങളൊക്കെ ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ ചെയ്താലും എല്ലാവരുടേയും സേഫ്റ്റി ഉറപ്പാക്കണമെന്ന് വാപ്പ പറയുമായിരുന്നെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Fahadh Faasil about the disturbing sounds and Malayankunju movie