| Saturday, 23rd July 2022, 12:39 pm

എന്റെ കാല് തന്നെ ഉറക്കുന്നുണ്ടായിരുന്നില്ല, കുഞ്ഞിനെ കൂടി കയ്യില്‍ എടുത്തതോടെ പേടിച്ചു; പൊന്നി ജീവിതത്തിന്റെ ഭാഗമായ പോലെ തോന്നിയെന്ന് ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയന്‍കുഞ്ഞിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പൊന്നി. ജനിച്ച് 28 ദിവസം മാത്രമുള്ള കുഞ്ഞാണ് ചിത്രത്തില്‍ പൊന്നിയായി എത്തിയത്. കുഞ്ഞിനേയും വെച്ച് ഷൂട്ട് ചെയ്ത പലരംഗങ്ങളും ചിത്രത്തില്‍ നിര്‍ണായകമായിരുന്നു. പൊന്നിയും അനിക്കുട്ടനും തമ്മിലുള്ള ബന്ധം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ചിത്രത്തില്‍ അനിക്കുട്ടന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്ന പേരും പൊന്നിയുടേതാണ്. മലയന്‍കുഞ്ഞ് ഷൂട്ട് കഴിഞ്ഞപ്പോള്‍ പൊന്നി തന്റെ ജീവിതത്തിന്റെ ഭാഗമായതുപോലെ തോന്നിയെന്ന് പറയുകയാണ് ഫഹദ്. അത്രയേറെ താന്‍ ആ പേര് വിളിച്ചിരുന്നെന്നും ഫഹദ് പറയുന്നു.

‘ പൊന്നി. അത്രയും ഞാന്‍ ആ പേര് വിളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ പൊന്നിയും അനിക്കുട്ടനും മാത്രമേയുള്ളൂ. ഷൂട്ട് കഴിഞ്ഞ ശേഷവും ഞാന്‍ പൊന്നിയെ പറ്റി ആലോചിച്ചിട്ടുണ്ട്. പൊന്നിയുടെ കാര്യമൊക്കെ ചിന്തിക്കുമായിരുന്നു. പൊന്നിയെ ഉയരത്തില്‍ കയറ്റി ഷൂട്ട് ചെയ്യുന്നതും കുഴിയില്‍ നിന്ന് ഞങ്ങളെ ലിഫ്റ്റ് ചെയത് പുറത്തേക്കെടുക്കുന്ന സീനിലുമൊക്കെ ഞാന്‍ പേടിച്ചിരുന്നു.

30 ദിവസം പ്രായമുള്ള കുഞ്ഞിനെ കയ്യില്‍ പിടിക്കുക എന്നത് ടെന്‍ഷനുള്ള കാര്യമായിരുന്നു. എന്റെ കാല് തന്നെ ഉറച്ച് നില്‍ക്കുന്നില്ല. അപ്പോള്‍ കുഞ്ഞിനെക്കൂടി പിടിക്കുമ്പോള്‍ പേടിയായിരുന്നു,’ ഫഹദ് പറഞ്ഞു.

അത്തരത്തില്‍ വേറെ ഏതെങ്കിലും കഥാപാത്രത്തെ കുറിച്ച് പിന്നീട് ഓര്‍ത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇടുക്കിയില്‍ പോകുമ്പോള്‍ മഹേഷ് ഭാവന അവിടെ എവിടെയങ്കിലും ഉള്ളതുപോലെ തോന്നാറുണ്ടെന്നായിരുന്നു ഫഹദിന്റെ മറുപടി.

സിനിമ കഴിഞ്ഞാലും ചില കഥാപാത്രങ്ങള്‍ വിടാതെ പിടികൂടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. മഹേഷ് എന്നെ പിടികൂടാനോ ഡിസ്‌റ്റേര്‍ബ് ചെയ്യാനോ വന്നിട്ടില്ല. അങ്ങനെ ഒരാള്‍ അവിടെ എവിടെയോ ഉണ്ടെന്ന് തോന്നാറുണ്ട്, ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞ് ഷൂട്ട് ചെയ്യുമ്പോള്‍ എടുത്ത എഫേര്‍ട്ടിനെ കുറിച്ചും താരം പറഞ്ഞു. എഫേര്‍ട്ട് ഉണ്ട്. പക്ഷേ ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണല്ലോ. അപ്പോള്‍ അത് കാര്യമാക്കുന്നില്ല. മലയന്‍കുഞ്ഞ് സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ചില സീന്‍ വേണോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ ഷൂട്ട് തുടങ്ങിയ ശേഷം ഒന്നും ചോദിച്ചിട്ടില്ല, ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞ് കമ്മിറ്റ് ചെയ്യിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നെന്ന ചോദ്യത്തിന് ഇങ്ങനെയൊരു സിനിമ താന്‍ മുന്‍പ് ചെയ്തിട്ടില്ല എന്നത് തന്നെയാണെന്നായിരുന്നു ഫഹദിന്റെ മറുപടി. വാപ്പച്ചിയല്ല ആര് നിര്‍മിച്ചാലും ഈ ചിത്രം പുറത്തിറങ്ങുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടാകുമായിരുന്നെന്നു ഫഹദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

മലയന്‍കുഞ്ഞ് ഷൂട്ട് എല്ലാവരേയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നെന്നും നാല്‍പ്പത് ദിവസമൊക്കെ കഴിഞ്ഞപ്പോഴേക്ക് എല്ലാവര്‍ക്കും വയ്യാതായെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു. മാനസിക ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. പിന്നെ എല്ലാവരുടേയും പിന്തുണയോടെയാണ് ഷൂട്ട് തീര്‍ത്തത്.

കൊവിഡ് പീക്കിലാണ് ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടേയും ആരോഗ്യം പ്രധാനമായിരുന്നു. ചിത്രത്തില്‍ ടെക്‌നിക്കല്‍ ആക്ഷന്‍ ചെയ്യാന്‍ 50 പേരുള്ള ക്രൂവിനെ മുംബൈയില്‍ നിന്ന് കൊണ്ടുവന്നിരുന്നു. അവരെ സുരക്ഷിതരാക്കുക എന്നതായിരുന്നു പ്രധാനം. കാരണം അവര്‍ക്ക് ഇത് കഴിഞ്ഞിട്ട് വലിയ വലിയ പടങ്ങളൊക്കെ ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ ചെയ്താലും എല്ലാവരുടേയും സേഫ്റ്റി ഉറപ്പാക്കണമെന്ന് വാപ്പ പറയുമായിരുന്നെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Fahadh faasil about ponni and malayankunju

We use cookies to give you the best possible experience. Learn more