| Tuesday, 27th April 2021, 1:49 pm

ഭാര്യ എന്നെ 'ലക്കി അലി' എന്നാണ് വിളിക്കുന്നത്, സിനിമകളുടെ കാര്യത്തില്‍ ഞാന്‍ ശരിക്കും ഭാഗ്യവാന്‍ തന്നെയാണ്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യ തലത്തില്‍ പ്രശസ്തി നേടി മുന്നേറുകയാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍. കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിലും ആമോസണിലുമായി റിലീസ് ചെയ്ത
സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.

കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ഫഹദിന്റെ പ്രതികരണം.

നല്ല പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും രഹസ്യ ശക്തിയോ മാജികോ ഇല്ലെന്ന് ഫഹദ് പറയുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്നും നടന്‍ പറയുന്നു.

‘എന്റെ ഭാര്യ എന്നെ ‘ലക്കി അലി’ എന്നാണ് വിളിക്കുന്നത്. കാരണം, ഞാന്‍ വളരെ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാന്‍ പറ്റുന്നു എന്ന് മാത്രമേയുള്ളു. ഇതില്‍ മാജികോ റോക്കറ്റ് സയന്‍സോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ,’ ഫഹദ് പറയുന്നു.

ഒരു പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും റീമേക്കിലാണെങ്കില്‍ പോലും വ്യത്യസ്തമായ നരേഷന്‍ ഉണ്ടാകണമെന്നാണ് കരുതുന്നതെന്നും ഫഹദ് പറയുന്നു. ഒരേ കഥ പല രീതിയില്‍ പറഞ്ഞു കേള്‍ക്കാനാണ് ഇഷ്ടം. കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് ഫഹദിന്റെ ഇറങ്ങാനുള്ള ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ഫഹദ് തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്.

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലും ഫഹദ് മുഖ്യവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fahadh Faasil about Nazriya and movies

We use cookies to give you the best possible experience. Learn more