| Wednesday, 10th April 2024, 12:41 pm

പ്രൊമോഷനിലൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്, എന്റെ ജോലി സിനിമകള്‍ ചെയ്യുക എന്നതാണ്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു മാധവ് സംവിധാനം ചെയ്യുന്ന ആവേശം നാളെ തിയേറ്ററുകളിലെത്തുകയാണ്.

ബെംഗളൂരുവിലെ ലോക്കല്‍ ഗുണ്ടയായ രംഗന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഫഹദിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാകും രംഗന്‍ എന്നാണ് ടീസറും ട്രെയിലറുമെല്ലാം നല്‍കുന്ന സൂചന. താന്‍ ഇതുവരെ ചെയ്യാത്ത തരം ഒരു പരീക്ഷണമാണ് ആവേശമെന്ന് ഫഹദും പറഞ്ഞിട്ടുണ്ട്.

ചില സിനിമകളുടെ പ്രൊമോഷന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനെ കുറിച്ചും ചില സിനികളുടെ പ്രൊമോഷനുകള്‍ക്ക് എത്താത്തതിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഫഹദ്.

സ്വന്തം പ്രൊഡക്ഷനില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക് കൊടുക്കുന്നത്ര പ്രധാന്യം മറ്റ് പ്രൊഡക്ഷന്‍ കമ്പനികളില്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ താരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

‘ഞാന്‍ നിലവില്‍ ഹൈദരാബാദിലാണ് ഉള്ളത്. അവിടെ പുഷ്പയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് ഞാന്‍ തിരിച്ചു പോകും.
ആവേശത്തിന്റെ റിലീസിന്റെ ദിവസം ഒരു ദിവസത്തേക്കായി ഞാന്‍ വീണ്ടും വരും. അത് ഒരു വശമാണ്.

മറ്റൊരു കാര്യം. രണ്ട് ദിവസം മുന്‍പാണ് ഈ പടം ലോക്കായത്. ഒരു ട്രെയ്‌ലര്‍ കട്ട് ചെയ്യാന്‍ പോലും സമയം കിട്ടിയിട്ടില്ല. എല്ലാവരും ബിസിയായിരുന്നു. മറ്റ് സിനിമകളുമായി ബന്ധപ്പെട്ട് ടെക്‌നീഷ്യന്‍മാര്‍ തിരക്കിലായി. എല്ലാവരും ഈ സിനിമയിലേക്ക് എത്തിയപ്പോഴേക്ക് അതിന്റേതായ ഡിലേ ഉണ്ടായി. പടം തീരാനും ഡിലേ വന്നു.

പിന്നെ പടം ഭംഗിയായി തീര്‍ത്ത് തിയേറ്ററില്‍ കൊണ്ടുവരുന്നതിലായിരുന്നു ഫോക്കസ്. പിന്നെ എപ്പോഴും നമ്മള്‍ പുതുതായി ഒരു കാര്യം ചെയ്യുമ്പോള്‍ കൊടുക്കുന്ന ഒരു പ്രാധാന്യം ഉണ്ടല്ലോ. ഞാന്‍ സ്ഥിരമായി ചെയ്യുന്ന ഒരു പരിപാടി ആണെങ്കില്‍ എനിക്ക് ഇങ്ങനെ വന്ന് പറയണമെന്നൊന്നും ഇല്ല.

ഇപ്പോള്‍ സത്യേട്ടന്റെ കൂടെ ചെയ്ത ഞാന്‍ പ്രകാശന്‍ പോലെയുള്ള സിനിമയ്‌ക്കൊന്നും ഞാന്‍ പ്രൊമോഷന് വേണ്ടി വന്നിട്ടില്ല, കാരണം എന്നില്‍ നിന്നും സത്യേട്ടനില്‍ നിന്നും ആളുകള്‍ എന്താണ് പ്രതീക്ഷിക്കുക എന്ന കാര്യം ക്ലിയറാണ്. അത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാം.

ഇതില്‍ ജീത്തുവും പുതിയതായി ഒരു സാധനം ട്രൈ ചെയ്യുന്നു. ഞാനും പുതിയതായി ഒരു കാര്യം പരീക്ഷിക്കുന്നു. എന്നെ ഇതുപോലെ ആരും മുന്‍പ് കണ്ടിട്ടില്ല. അപ്പോള്‍ പടത്തിന് ഒരു ഇന്‍ട്രോ കൊടുക്കേണ്ടത് ആവശ്യമായി തോന്നി.

പിന്നെ ഇതിലൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജോലി സിനിമകള്‍ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കില്‍ സിനിമ തന്നെ അത് പ്രൂവ് ചെയ്‌തോളും,’ എന്നായിരുന്നു ഫഹദിന്റെ മറുപടി.

Content Highlight: Fahadh Faasil about Movie Promotions

We use cookies to give you the best possible experience. Learn more