| Sunday, 13th November 2022, 9:25 pm

പല തവണ അവരോട് ഈ ആഗ്രഹത്തെ കുറിച്ച് പറഞ്ഞു, പക്ഷെ ആരും എന്നെ സീരിയസായി എടുക്കുന്നില്ല: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയസ് വേഷങ്ങളില്‍ നിന്നും മാറി മറ്റൊരു വേഷം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഫഹദിന്റെ വാക്കുകള്‍.

ഇതേ കുറിച്ച് പല സംവിധായകരോടും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇവരാരും തന്റെ ആവശ്യം പരിഗണിക്കുന്നില്ലെന്നുമാണ് ഫഹദ് പറയുന്നത്. എന്നാല്‍ ഉടന്‍ തന്നെ അത്തരത്തിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിയത്തിപ്രാവ് പോലെ ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. മഹേഷ് നാരായണനോടും ദിലീഷ് പോത്തനോടും ശ്യാം പുഷ്‌കരനോടും പറഞ്ഞിട്ടില്ലേ എന്നായിരുന്നു ഫഹദിനോടുള്ള ചോദ്യം.

‘അനിയത്തിപ്രാവ് പോലൊരു സിനിമ ചെയ്യണമെന്നല്ല പറഞ്ഞത്. പക്ഷെ വളരെ സാധാരണക്കാരനായ അയല്‍വീട്ടിലെ പയ്യന്‍ എന്ന ഇമേജുള്ള ഒരു കഥാപാത്രത്തെ ചെയ്യണമെന്നുണ്ട്. എല്ലാവരോടും പറയുന്നുണ്ട്. പക്ഷെ ആരും കേള്‍ക്കുന്നില്ല.

ദിലീഷിനൊപ്പം മഹേഷിന്റെ പ്രതികാരമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ രീതിയിലുള്ള സിനിമകള്‍ ചെയ്യണമെന്നുണ്ട്. പക്ഷെ ഇവരാരും ഞാന്‍ പറയുന്നത് സീരിയസായി എടുക്കുന്നില്ല. അതാണ് മെയിന്‍ പ്രശ്‌നം,’ ഫഹദ് ഫാസില്‍ പറയുന്നു.

ഉടന്‍ തന്നെ ഈ സ്വഭാവത്തിലുള്ള ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ‘എനിക്ക് എന്നെ കുറിച്ച് പോലും ഒരു പ്രതീക്ഷയില്ല’ എന്നായിരുന്നു ഫഹദിന്റെ മറുപടി. എന്നാല്‍ അങ്ങനെയൊരു പ്രോജക്ടിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

നസ്രിയക്കൊപ്പം ചേര്‍ന്ന നിര്‍മിക്കുന്ന സിനിമകളെ കുറിച്ചും ഫഹദ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘നിര്‍മിക്കുന്ന സിനിമകളില്‍ എന്നേക്കാള്‍ ഉത്തരവാദിത്തത്തോടെ പെരുമാറാറുള്ളത് നസ്രിയയാണ്. ഒരു ഷൂട്ട് ഏറ്റവും സ്മൂത്തായി നടക്കാനുള്ള എല്ലാ കാര്യവും നസ്രിയ ചെയ്യും.

നിര്‍മിക്കുന്ന സിനിമകളില്‍ അഭിനേതാക്കളുടെ താമസമടക്കമുള്ള കാര്യങ്ങള്‍ നസ്രിയ നോക്കും. സിനിമയിലെ ഒരു സീനിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്താണ് നസ്രിയ ഏറ്റവും ആക്ടീവായിട്ടുള്ളത്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

അതേസമയം വിക്രവും മലയന്‍കുഞ്ഞുമാണ് ഫഹദിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രങ്ങള്‍. മാമന്നന്‍, പാച്ചുവും അത്ഭുവിളക്കും, പുഷ്പ 2, ധൂമം എന്നിവയാണ് നടന്റെ മറ്റ് പ്രോജക്ടുകള്‍.

Content Highlight: Fahadh Faasil about his desire to act out a next boy image role in films

We use cookies to give you the best possible experience. Learn more