Advertisement
Film News
ജോസട്ടായിയെ കാണാന്‍ ഫഹദ് വന്നത് വെറുതെയല്ലെന്ന് തോന്നുന്നു, ഇനിയെങ്ങാനും?....
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 04, 07:16 am
Tuesday, 4th June 2024, 12:46 pm

തിയേറ്ററുകളില്‍ ഇടിയുടെ പെരുന്നാള്‍ തീര്‍ത്ത് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. ക്ലാഷ് റിലീസുകള്‍ക്കിടയിലും പെരുമഴയെയും വകവെക്കാതെ മുന്നേറുന്ന ടര്‍ബോ ഇതിനോടകം തന്നെ 70 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഈ വീഡിയോയില്‍ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ചിത്രത്തിന്റ ഷൂട്ട് കാണാനെത്തിയ ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും മമ്മൂട്ടിയുമായി സംസാരിക്കുന്ന ഫോട്ടോയാണ് ചര്‍ച്ചാവിഷയമായത്. മൂവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ വീഡിയോ വന്നതോടുകൂടി റൂമര്‍ കുറച്ചുകൂടി ശക്തമായിരിക്കുകയാണ്.

കരിയറിന്റെ ഏറ്റവും മികച്ച ഫെയ്‌സില്‍ നില്‍ക്കുന്ന മമ്മൂട്ടിയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയനായി മാറിയ ഫഹദും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുകയാണെങ്കില്‍ സിനിമാപ്രേമികള്‍ക്ക് ഗംഭീരമായ എക്‌സ്പീരിയന്‍സായിരിക്കും എന്നതില്‍ സംശയം വേണ്ട. മാലിക്, അറിയിപ്പ് എന്നീ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ മഹേഷ് നാരായണനും കൂടി ചേരുമ്പോള്‍ സംഗതി കളറാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടിക്കമ്പനിയും ഫഹദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഈ പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളില്‍ ഇതിന് മുമ്പ് മമ്മൂട്ടിയും ഫഹദും ഒന്നിച്ചിരുന്നു.

Content Highlight: Fahadh and Mahesh Narayan visited Mammootty in Turbo location