കൊച്ചി: ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മാലിക് സിനിമയും പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങിയ കോള്‍ഡ് കേസ് എന്ന ചിത്രവും ഒ.ടി.ടി. റിലീസിന്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റോ ജോസഫ് ഇതുസംബന്ധിച്ച് വിവിധ സിനിമാ സംഘടനകള്‍ക്ക് കത്തയച്ചു. ഇരു ചിത്രങ്ങളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് കത്തില്‍ പറയുന്നുണ്ട്.
ഇരു ചിത്രങ്ങളും വന്‍ മുതല്‍മുടക്ക് ഉള്ളവയാണ്. മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു.
കൊവിഡ് വ്യാപനം കുറയുകയും സെക്കന്റ് ഷോ നടപ്പാവുകയും ചെയ്തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്.
നിര്‍ഭാഗ്യവശാല്‍ കൊവിഡ് വ്യാപനം കൂടുകയും വീണ്ടും തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ ചിത്രങ്ങള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ഇനി തിയേറ്റര്‍ എന്നു തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ഈ ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്, എന്നാണ് കത്തില്‍ പറയുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോള്‍ഡ് കേസിന്റെ നിര്‍മ്മാണം.
നേരത്തെ ഫഹദ് നായകനായ ജോജി ഒ.ടി.ടി. റിലീസ് ആയിരുന്നു. ഫഹദിന്റെ ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്ത് എത്തിയിരുന്നു.
ടേക് ഓഫ്, സി യൂ സൂണ്‍ എന്നിവയ്ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.
അതേസമയം മാലിക് സിനിമയുടെ റൈറ്റ് ആമസോണ്‍ പ്രൈം വാങ്ങിയെന്നും 22 കോടി രൂപയാണ് ചിത്രത്തിന് പ്രൈം നല്‍കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.