കാസര്‍കോട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ വെട്ടിക്കൊലപ്പെടുത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വിജയകുമാറിന് പ്രേരണയായത് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസംഗങ്ങള്‍. സംഭവത്തില്‍ പൊലീസ് പിടിയിലായ ശേഷം ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ശശികലയുടെ വിദ്വേഷകരമായ പ്രസംഗത്തിന്റെ വീഡിയോ ലഭിച്ചിരുന്നു.
ഈ പ്രസംഗങ്ങള്‍ ഇടക്കിടെ കേള്‍ക്കുന്നതും മറ്റുള്ളവരെ കേള്‍പ്പിക്കുന്നതുമായിരുന്നു ഇയാളുടെ ഹോബി. 2013 ല്‍ ട്രെയിനിന് മുസ്‌ലീം ഭീകരര്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വിജയന്‍ പൊലീസിന് ഫോണ്‍ ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വിജയനെതിരെ കേസ്സുണ്ട്.
2015 ജൂലായ് 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയകുമാര്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്.
ALSO READ: ‘നിങ്ങളുടെ നാടകത്തിന്റെ ഇരയാകുന്നത് ദല്‍ഹി നിവാസികള്‍’: രാഹുല്‍ ഗാന്ധി
ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫഹദിന്റെ പിതാവ് അബ്ബാസ് സി.പി.ഐ.എം പ്രവര്‍ത്തകനാണ്.
ALSO READ: തര്‍ക്കത്തിനിടെ സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടി തെലങ്കാന രാഷ്ട്രസമിതി നേതാവ്, വീഡിയോ
അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു.പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്നു മുഹമ്മദ് ഫഹദ്.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.