| Tuesday, 16th April 2024, 7:52 am

ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് അദ്ദേഹത്തിനോടൊപ്പമുള്ള അനുഭവം; സൂപ്പർ സ്റ്റാറിനെ കുറിച്ച് ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ്. രജിനികാന്ത്, കമൽഹാസൻ, അല്ലു അർജുൻ തുടങ്ങി സൂപ്പർ സ്റ്റാറുകളുടെ കൂടെയാണ് ഫഹദ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.

കമൽ ഹാസനോടൊപ്പമെല്ലാം അഭിനയിക്കുമ്പോഴുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ഫഹദ്. അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഭവമാണെന്ന് പറയുകയാണ് ഫഹദ്. അല്ലു അർജുനോട് ഏറെ കാലം സംസാരിച്ചിട്ടാണ് താൻ പുഷ്പ ചെയ്യുന്നതെന്നും ഫഹദ് പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമകളിലൊക്കെ അഭിനയിച്ചപ്പോൾ കിട്ടിയ ഏറ്റവും വലിയ കാര്യം പ്രതിഭാധനന്മാർക്കൊപ്പമുള്ള അഭിനയനിമിഷങ്ങളാണ്. കമൽഹാസനെപ്പോലെയുള്ള ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന അനുഭവം നമ്മളൊക്കെ ചിന്തിക്കുന്നതിനെക്കാൾ അപ്പുറമാണ്. അല്ലു അർജുനുമായി ഏറെക്കാലം സംസാരിച്ചശേഷമാണ് ഞാൻ പുഷ്പ എന്ന സിനിമയിലേക്കെത്തുന്നത്,’ഫഹദ് പറയുന്നു.

എന്നാൽ വിക്രവും പുഷ്പയുമൊന്നും തന്നെ വേറൊരു തലത്തിൽ എത്തിച്ചതായി തോന്നിയിട്ടില്ലെന്നും ഫഹദ് പറഞ്ഞു.

‘വിക്രമും പുഷ്പയും പോലെയുള്ള അന്യഭാഷാ സിനിമകൾ എന്നെ വേറെയൊരു തലത്തിൽ എത്തിച്ചതായി ഒരിക്കലും തോന്നിയിട്ടില്ല. നമ്മൾ ഒരു യാത്രപോകുമ്പോൾ പലയിടത്തും നിർത്തി പല റസ്റ്ററൻ്റുകളിൽനിന്നും ഭക്ഷണം കഴിക്കുമല്ലോ. അതുപോലെ തന്നെയാണ് എൻ്റെ സിനിമാ ജീവിതത്തിൽ ഈ ചിത്രങ്ങളൊക്കെ സംഭവിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്,’ഫഹദ് പറയുന്നു

അതേ സമയം വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം ഗംഭീര മുന്നേറ്റമാണ് ബോക്സ്‌ ഓഫീസിൽ നടത്തുന്നത്. ഇന്നത്തോടെ ചിത്രം അമ്പത് കോടി ക്ലബ്ബിൽ എത്തുമെന്നാണ് കണക്കാക്കുന്നത്

Content Highlight: Fahad Fazil Talk About Kamalhasan

We use cookies to give you the best possible experience. Learn more