സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സുഷിൻ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗ്യാങ്സ്റ്ററായിട്ടാണ് ഫഹദ് ആവേശത്തിൽ എത്തുന്നത്. മലയാളത്തേക്കാൾ അന്യഭാഷകളിൽ തിരക്കുള്ള നടനാണ് ഫഹദിപ്പോൾ. വടിവേലു, രജിനികാന്ത്, കമൽഹാസൻ, വിജയ് സേതുപതി തുടങ്ങി തമിഴിലെ മുൻനിര താരങ്ങളോടൊപ്പമെല്ലാം ഫഹദ് ഇതിനോടകം ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു.
മറ്റുഭാഷകളിൽ സിനിമ ചെയ്യുന്നത് ഒരു ടാലന്റ് കൊളാബുറേഷനാണെന്നും എല്ലാം പ്ലാൻ ചെയ്യാതെ സംഭവിക്കുന്നതാണെന്നും ഫഹദ് ഫാസിൽ പറയുന്നു. സിനിമ എന്ന നിലയിൽ അതെല്ലാം എക്സൈറ്റ്മെന്റ് ചെയ്യിപ്പിക്കുന്നത് കൊണ്ടാണ് അഭിനയിക്കുന്നതെന്നും ഫഹദ് പറഞ്ഞു. ആവേശം സിനിമയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഫഹദ്.
‘മറ്റ് ഭാഷകളിൽ പോയി സിനിമ ചെയ്യുമ്പോഴുള്ള എന്റെ ആകാംക്ഷയെന്നത് അവിടെയുള്ള മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ കഴിയുന്നു എന്നതാണ്. ഒരു തരത്തിൽ ടാലന്റ് കൊളബുറേഷനാണത്.
മാമന്നനിൽ വടിവേലു സാറിന്റെ വില്ലനായി അഭിനയിക്കുകയെന്നത് എനിക്ക് വലിയ എക്സൈറ്റ്മെന്റ് ഉള്ള കാര്യമായിരുന്നു. പുഷ്പയിൽ ബണ്ണിയുടെ കൂടെ ചെയ്യാൻ കഴിഞ്ഞതും അങ്ങനെയാണ്. നമ്മളെ എക്സൈറ്റ് ചെയ്യുന്ന കാര്യങ്ങളല്ലേ നമ്മൾ ചെയ്യുന്നത്. ബാക്കിയെല്ലാം പിന്നെയുള്ള കാര്യമല്ലേ. ഒരു സിനിമ എന്ന നിലയിൽ നമ്മളെ എക്സൈറ്റ് ചെയ്യുന്നത് കൊണ്ടാണ് അത് ചെയ്യുന്നത്.
അടുത്തതായി ഞാനിപ്പോൾ വടിവേലുസാറിനൊപ്പം ചെയ്യുന്നത് ഒരു കോമഡി പടമാണ്. രജിനിസാറിനൊപ്പമുള്ള പടം ഹ്യൂമറാണ്. ഇതൊക്കെ സംഭവിക്കുന്നതാണ്. പ്ലാൻ ചെയ്തിട്ട് നടക്കുന്നതല്ല,’ഫഹദ് ഫാസിൽ പറയുന്നു.
Content Highlight: Fahad Fazil Talk About His Other Language Films