ആ ചിത്രങ്ങളൊന്നും എന്നെ വേറൊരു തലത്തിൽ എത്തിച്ചതായി എനിക്ക് തോന്നിയിട്ടില്ല: ഫഹദ് ഫാസിൽ
Entertainment
ആ ചിത്രങ്ങളൊന്നും എന്നെ വേറൊരു തലത്തിൽ എത്തിച്ചതായി എനിക്ക് തോന്നിയിട്ടില്ല: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 11:28 am

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ്. രജിനികാന്ത്, കമൽഹാസൻ, അല്ലു അർജുൻ തുടങ്ങി സൂപ്പർ സ്റ്റാറുകളുടെ കൂടെയാണ് ഫഹദ് സിനിമകൾ ചെയ്യുന്നത്.

എന്നാൽ വിക്രം, പുഷ്പ പോലുള്ള ചിത്രങ്ങൾ തന്നെ മറ്റൊരു തലത്തിൽ എത്തിച്ചതായി തോന്നുന്നില്ലെന്നും ഇതെല്ലാം സിനിമയുടെ ഭാഗമാണെന്നും ഫഹദ് പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘വിക്രമും പുഷ്പയും പോലെയുള്ള അന്യഭാഷാ സിനിമകൾ എന്നെ വേറെയൊരു തലത്തിൽ എത്തിച്ചതായി ഒരിക്കലും തോന്നിയിട്ടില്ല. ഈ സിനിമകളിലൊക്കെ അഭിനയിച്ചപ്പോൾ കിട്ടിയ ഏറ്റവും വലിയ കാര്യം പ്രതിഭാധനന്മാർക്കൊപ്പമുള്ള അഭിനയനിമിഷങ്ങളാണ്. കമൽഹാസനെപ്പോലെയുള്ള ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന അനുഭവം നമ്മളൊക്കെ ചിന്തിക്കുന്നതിനെക്കാൾ അപ്പുറമാണ്.

അല്ലു അർജുനുമായി ഏറെക്കാലം സംസാരിച്ചശേഷമാണ് ഞാൻ പുഷ്പ എന്ന സിനിമയിലേക്കെത്തുന്നത്. നമ്മൾ ഒരു യാത്രപോകുമ്പോൾ പലയിടത്തും നിർത്തി പല റസ്റ്ററൻ്റുകളിൽനിന്നും ഭക്ഷണം കഴിക്കുമല്ലോ. അതുപോലെ തന്നെയാണ് എൻ്റെ സിനിമാ ജീവിതത്തിൽ ഈ ചിത്രങ്ങളൊക്കെ സംഭവിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്,’ഫഹദ് പറയുന്നു.

അതേ സമയം വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം ഗംഭീര മുന്നേറ്റമാണ് ബോക്സ്‌ ഓഫീസിൽ നടത്തുന്നത്. ഇന്നത്തോടെ ചിത്രം അമ്പത് കോടി ക്ലബ്ബിൽ എത്തുമെന്നാണ് കണക്കാക്കുന്നത്

 

Content Highlight: Fahad Fazil Talk About  His Other Language Films