കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ.
ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ആവേശം മികച്ച അഭിപ്രായവുമായി തീയേറ്ററിൽ മുന്നേറുകയാണ്.
എന്നാൽ സിനിമ കണ്ടിറങ്ങുന്നവർ തന്റെ കഥാപാത്രത്തെ അവിടെ തന്നെ വെച്ചിട്ട് പോണം എന്നാണ് ഫഹദ് പറയുന്നത്. താൻ വളരെ സ്ലോ ആയിട്ടുള്ള ഒരാളാണെന്നും മലയാളത്തിലെ പ്രമുഖരായ സംവിധായകരോടൊപ്പം സിനിമകൾ ചെയ്തൂടെയെന്ന് കുടുംബം ചോദിക്കാറുണ്ടെന്നും ഫഹദ് പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുമ്പോൾ എന്നെ അവിടെ തന്നെ വെച്ചിട്ട് പ്രേക്ഷകർ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നെ അവർ ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ല. മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കണ്ടേയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ കുടുംബവും പലപ്പോഴും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ, എന്റെ മനസിലെ ചിന്തകൾ കാരണം ആ യാത്രയിൽ പല തടസങ്ങളും വരാറുണ്ട്.
ഞാൻ പലകാര്യങ്ങളിലും വളരെ സ്ലോ ആയ മനുഷ്യനാണ് ഞാൻ. പലപ്പോഴും ആ വഴിയിൽ എനിക്കുകിട്ടുന്ന തിരക്കഥകൾ വല്ലാതെ ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നതാണ്. അതിൽ മാറ്റങ്ങൾ വരുത്താനോ എന്റെ ചിന്തകൾ കൂട്ടിച്ചേർക്കാനോ പറ്റാതെവരുമ്പോൾ ഞാൻ ആ വഴിയിലൂടെ പോകാതിരിക്കുന്നതല്ലേ നല്ലതെന്ന് ചിന്തിക്കും. ഒരു പക്ഷേ, അതെന്റെ മാത്രം ധാരണകളും വിലയിരുത്തലുകളുമാവാം,’ഫഹദ് ഫാസിൽ പറയുന്നു.
Content Highlight: Fahad Fazil Talk About His Film Selections