| Sunday, 13th October 2024, 12:15 pm

അതുപോലൊരു സിനിമ വേണമെന്ന് ഞാൻ ദിലീഷിനോടും മഹേഷിനോടുമൊക്കെ പറഞ്ഞിട്ടുണ്ട്: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം ഇറങ്ങിയ രജിനികാന്ത് ചിത്രം വേട്ടയ്യനിലൂടെയും ഫഹദ് കയ്യടി നേടുകയാണ്. അനിയത്തി പ്രാവ് പോലെയൊരു സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ്.

താൻ അതിനെകുറിച്ച് സംവിധായകരായ ദിലീഷ് പോത്തനോടും മഹേഷ് നാരായണനോടുമെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഫഹദ് പറയുന്നു. ഒരു നെക്സ്റ്റ് ബോയ് ഇമേജുള്ള സിനിമ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെന്നും ഫഹദ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനിയത്തി പ്രാവ് പോലെയുള്ള സിനിമയല്ല, പക്ഷെ ഒരു നെക്സ്റ്റ് ബോയ് ഇമേജുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു പാവപ്പെട്ട പയ്യന്റെയൊക്കെ കഥ ചെയ്യാൻ താത്പര്യമുണ്ട്. ഞാൻ അതിനെകുറിച്ച് ദിലീഷിനോടും മഹേഷിനോടുമൊക്കെ പറഞ്ഞിട്ടുണ്ട്. ദിലീഷിപ്പോൾ മഹേഷിന്റെ പ്രതികാരമൊക്കെ ചെയ്തിട്ടുണ്ട്.

അതുപോലെയൊക്കെയുള്ള സിനിമകൾ ഇനിയും ചെയ്യാൻ ആഗ്രഹമുണ്ട്. അതൊക്കെ കിട്ടിയാൽ ഞാൻ ഇനിയും ചെയ്യും. അതിനെ കുറിച്ച് ഞാൻ അവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോഴും പറയുന്നതാണ്. പക്ഷെ അവരൊന്നും കേൾക്കുന്നില്ല. എനിക്കൊരു ഐഡിയയുമില്ല. എന്നെ സീരിയസായി ആരുമെടുക്കുന്നില്ല. പ്രധാന പ്രശ്നം അതാണ്,’ഫഹദ് ഫാസിൽ പറയുന്നു.

അതേസമയം ഉടനെ റിലീസ് ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ബോഗയ്ൻവില്ലയാണ് . ഭീഷ്മ പർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Content Highlight: Fahad Fazil Says That He Want To Do More Next Door Boy Films

We use cookies to give you the best possible experience. Learn more