| Sunday, 17th July 2022, 7:00 pm

ചാക്കോച്ചന്റെ അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ഫഹദ് ഫാസിലിന്റെ മലയാളം ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉരുള്‍പൊട്ടലിന്റെ ഭീകരത കാണിച്ചു തരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്.

മലയന്‍കുഞ്ഞ് പോലെയുള്ള സിനിമ ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത മനസിലാക്കുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. മാളൂട്ടിയോട് സാദൃശ്യമുള്ള ചിത്രമാണ് മലയന്‍കുഞ്ഞെന്നും പേളി മാണി ഷോയില്‍ ഫഹദ് പറഞ്ഞു.

‘ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ എന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് എന്റെയടുത്ത് കൊണ്ടുവരുന്നത്.

പക്ഷേ ഇങ്ങത്തെ കഥകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെ മനോഹാരിതയെ പറ്റി കുറച്ചു കൂടി ഐഡിയ കിട്ടുന്നത്. ആ ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

മലയന്‍കുഞ്ഞിനെ പറ്റി ആദ്യം പറയാനുള്ളത് എന്റെ അച്ഛനാണ് പടം പ്രൊഡ്യൂസ് ചെയ്യുന്നത്. 20 വര്‍ഷത്തിന് ശേഷം എന്റെ അച്ഛന്‍ നിര്‍മിക്കുന്ന സിനിമയാണ്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും വന്നിട്ടില്ല. ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്,’ ഫഹദ് പറഞ്ഞു.

ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

Content Highlight: Fahad Fazil says his Biggest wish is to do films like Chakochan’s Aniyathipravu

We use cookies to give you the best possible experience. Learn more