Entertainment
അച്ഛനൊപ്പം ഫഹദ് എത്തും, ഒപ്പം മഹേഷ് നാരായണനും; ഇത് ഇതിഹാസമാവുമെന്ന് കുഞ്ചാക്കോ, കഥ പറയുന്ന കണ്ണുകളുമായി ഫഹദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 14, 06:07 am
Monday, 14th December 2020, 11:37 am

അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഫഹദ് ഫാസില്‍. മലയന്‍കുഞ്ഞ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഫാസിലിനെക്കൂടാതെ മഹേഷ് നാരായണനും സജിമോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ജനുവരിയില്‍ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്നും നടന്‍ പോസ്റ്ററിനൊപ്പം കുറിച്ചു. ഫഹദിനെക്കൂടാതെ കുഞ്ചാക്കോബോബനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫാസിലിനെ പാച്ചിക്കാ എന്നുവിളിച്ചുകൊണ്ടാണ് കുഞ്ചാക്കോ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈയൊരു കൂടിച്ചേരല്‍ ഇതിഹാസമാവുമെന്നും കുഞ്ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന് താഴെ കമന്റുകളായി നിരവധി പേരാണ് സിനിമയ്ക്ക് ആശംസകളറയിച്ചിരിക്കുന്നത്. പോസ്റ്ററില്‍ ഫഹദിന്റെ കണ്ണുകള്‍ മാത്രമാണ് കാണാന്‍ കഴിയുക.

തന്നെ ആവേശത്തിലാക്കുന്ന ഒരു കഥ വന്നാല്‍ മാത്രമേ ഇനിയൊരു സിനിമ ചെയ്യൂ എന്ന് ഫാസില്‍ നേരത്തേ പറഞ്ഞിരുന്നു.

നേരത്തേ കൊടുത്ത ഒരു അഭിമുഖത്തില്‍ ഫാസില്‍ ഫഹദിനെക്കുറിച്ച് പറഞ്ഞത് വാര്‍ത്തയായിരുന്നു.
മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നുമാണ് ഫാസില്‍ പറഞ്ഞത്.

നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ താന്‍ തന്നെ സൃഷ്ടിച്ചതുകൊണ്ടാണ് തനിക്ക് തന്നെ അത് അത്ഭുതമായി തോന്നാത്തതെന്നും മറ്റുള്ളവരെ അത് അത്ഭുതപ്പെടുത്തിക്കാണുമെന്നും ഫാസില്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തി’, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fahad Fazil Mahesh Narayanan Fazil new film first look poster