| Tuesday, 8th August 2023, 7:20 pm

ടെറര്‍ വില്ലനായി ഫഹദ്; പുഷ്പ 2 പുതിയ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിന്റെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി പുഷ്പ രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുഷ്പ2 ടീം റിലീസ് ചെയ്തിരിക്കുന്നത്. ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ചെറിയ സ്‌ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമായിരുന്നു ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്‌ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ2ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം ആറു കോടിയാണ്.


പുഷ്പ സീരിസ് സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. അല്ലു അര്‍ജ്ജുനാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി. ശ്രീ. പ്രസാദാണ്.

അതേസമയം രശ്മിക മന്ദാന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യുമെന്നും പുതിയ റിപ്പോര്‍ട്ടുകളുണ്ട്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സീക്വല്‍ ആണ് പുഷ്പ 2. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സിനിമയുടെ ഓഡിയോ റൈറ്റ്‌സ് റെക്കോഡ് ഇനത്തിലാണ് വിറ്റുപോയത്.

65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡിയോ റൈറ്റ്‌സ് തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 400 കോടിയിലേറെ ഒന്നാം ഭാഗം കളക്ഷനായി സ്വന്തമാക്കിയിരുന്നു.

Content Highlight: fahad fazil first look poster in pushpa 2 is out now

We use cookies to give you the best possible experience. Learn more