| Monday, 31st August 2020, 11:05 am

'സിനിമാമേഖലയില്‍ സ്വജനപക്ഷപാതമുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തത്', ഫഹദ് ഫാസിലിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാമേഖലയില്‍ സ്വജനപക്ഷപാതമുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തതെന്ന് ഫഹദ് ഫാസില്‍. സിനിമാ നിരൂപകന്‍ രാജീവ് മസന്തുമായുള്ള അഭിമുഖത്തിലാണ് ഫഹദ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ഫഹദിന്റെ പരാമര്‍ശത്തിന് നേരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്നോ എത്തരത്തില്‍ പരിശീലിക്കപ്പെട്ടുവെന്നതിലോ കാര്യമില്ല, നിങ്ങള്‍ എങ്ങനെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതിലാണ് കാര്യം. സിനിമാമേഖലയില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന വാദങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഫഹദ് പറയുന്നു. ‘എന്റെ കാര്യം വിടൂ, എനിക്കറിയാം പൃഥ്വിരാജ് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നത്. ചെറുപ്പം തൊട്ടേ അവനെന്റെ സുഹൃത്താണ്. അതുകൊണ്ടു തന്നെ അവനെ നന്നായി അറിയുകയും ചെയ്യാം. സിനിമയില്‍ പൃഥ്വിയുടെ തുടക്കം കുറച്ച് കടുപ്പമായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ തന്നെ പൃഥ്വി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ സമയമെടുത്തുവെന്ന് മാത്രം. എല്ലാ അഭിനേതാക്കള്‍ക്കും വളരുന്നതിന് സമയമെടുക്കും’, ഫഹദ് പറയുന്നു.

സിനിമാമേഖലയില്‍ വലിയ രീതിയില്‍ സ്വജനപക്ഷപാതമുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫഹദിന്റെ പുതിയ പരാമര്‍ശം ചര്‍ച്ചയാവുന്നത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷ പാതം വീണ്ടും ചര്‍ച്ചയായി വരികയായിരുന്നു. സ്വജനപക്ഷപാതം തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നിരവധി താരങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ബോളിവുഡില്‍ ആലിയ ഭട്ട്, സോനാക്ഷി സിന്‍ഹ, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മലയാള സിനിമയിലും സ്വജനപക്ഷപാതമുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നിവരെ ചൂണ്ടിക്കാട്ടിക്കൊണ്ട് മലയാളസിനിമയില്‍ നെപ്പോട്ടിസത്തിനെതിരെയുള്ള വാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന രാജീവ് മസന്തിന്റെ ചോദ്യത്തിനാണ് ഫഹദ് മറുപടി പറഞ്ഞത്. ഫഹദിന്റെ മറുപടിക്കെതിരായി സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: fahad fazil comment on film feild nepotism critisised by social media

Latest Stories

We use cookies to give you the best possible experience. Learn more