| Tuesday, 13th October 2020, 11:58 am

ജീവിക്കാനനുവദിക്കൂ; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് പിന്തുണയുമായി നസ്രിയയും ഫഹദും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടി നസ്രിയ നസീം. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജി ഫേസ്ബുക്ക് ലൈവില്‍ വന്നത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവര്‍ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു.

‘150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്,’ സജന പറയുന്നു.

കൊച്ചി ഇരുമ്പനത്താണ് സജ്ന ബിരിയാണി വില്‍പ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാന്‍ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,’ സജന ഷാജി പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more