| Saturday, 28th December 2024, 10:27 pm

കോപ്പിയടിയല്ലെങ്കിലും ആ സത്യൻ അന്തിക്കാട് ചിത്രവുമായി മഹേഷിന്റെ പ്രതികാരത്തിന് സാമ്യതയുണ്ട്: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് മഹേഷിന്റെ പ്രതികാരം വിലയിരുത്തപ്പെടുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ പുത്തൻ ആഖ്യാന രീതിക്ക് തുടക്കമിട്ട ഒരു ചിത്രം കൂടിയാണ്.

ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആ വർഷത്തെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കിയിരുന്നു. റിയലിസ്റ്റിക് സിനിമകളുടെ നവ തരംഗത്തിന് തുടക്കമിട്ട ചിത്രം എന്ന നിലയിൽ വലിയ ചർച്ചകളിൽ ഇടം നേടിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം.

വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ശ്രീനിവാസൻ ചിത്രവുമായി മഹേഷിന്റെ പ്രതികാരത്തിന് സാമ്യമുണ്ടെന്ന് പറയുകയാണ് ഫഹദ് ഫാസിൽ. കോപ്പിയടിയല്ലെങ്കിലും രണ്ടിന്റെയും കഥാതന്തു നോക്കിയാൽ സാമ്യതകൾ കണ്ടെത്താമെന്ന് ഫഹദ് പറയുന്നു.

‘പൊന്മുട്ടയിടുന്ന താറാവിൻ്റെ വേറൊരു വേർഷനാണ് മഹേഷിൻ്റെ പ്രതികാരം എന്ന് ഞാൻ പറയും. കോപ്പിയടിയോ ഇമിറ്റേഷനോ ഒന്നും അല്ലെങ്കിലും രണ്ടിന്റെയും കഥാതന്തു നോക്കിയാൽ സാമ്യതകൾ കണ്ടെത്താം. ഞാനും ദിലീഷ് പോത്തനും കൂടി മഹേഷിൻ്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾ ചെയ്‌തിട്ടുണ്ട്. മൂന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

എന്നാൽപ്പോലും ഈ സിനിമകൾ ചെയ്യുമ്പോൾ എന്നെയും ദിലീഷിനെയും സ്വാധീനിച്ച സിനിമകൾ ഒന്നായിരിക്കണമെന്നില്ല. നമ്മളെ രണ്ടാളെയും പോലെയായിരിക്കണമെന്നില്ല രാജീവ് രവിയുടെ ചിന്ത. അദ്ദേഹം ഒരു ഇറാനിയൻ സിനിമ പോലെയായിരിക്കാം ചിലപ്പോൾ മഹേഷിൻ്റെ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നത്.

ഞാൻ ഇത് പെർഫോം ചെയ്യാൻ ആഗ്രഹിക്കുന്നത് കാസർകോട് ബസ്റ്റാൻഡിൽ കണ്ട ഒരാളെ വെച്ചിട്ടായിരിക്കും. അതേസമയം ദീലിഷ് ആഗ്രഹിക്കുന്നത് നാടോടിക്കാറ്റ് പോലൊരു സിനിമയുണ്ടാക്കാനായിരിക്കും. ഇങ്ങനെ ചിന്തകൾ വ്യത്യാസമുണ്ടായിരിക്കാം. എന്നാൽ ഇതെല്ലാംകൂടി ഒരുമിച്ച് ചേർന്ന് അവസാനം ഒരു പുഴയായി മാറുമ്പോഴാണ് പ്രേക്ഷകൻ കാണുന്ന സിനിമ ഉണ്ടാകുന്നത്,’ഫഹദ് പറയുന്നു.

Content Highlight: Fahad Fazil About Ponmuttayidunna Tharav Movie

We use cookies to give you the best possible experience. Learn more