| Tuesday, 31st December 2024, 8:35 am

ഉപ്പ റിയൽ ലൈഫിൽ ഓടിയ ഓട്ടമാണ് ആ സീനിൽ ഞാൻ റീക്രിയേറ്റ് ചെയ്തത്, അത് വർക്കായി: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ്.

എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ ആദ്യ സിനിമയിലൂടെ തന്നെ ഫഹദ് വിമർശിക്കപ്പെട്ടു. പിന്നീട് പ്രേക്ഷകർ കണ്ടത് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. ഇന്ന് മലയാളത്തേക്കാൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ്.

ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ആദ്യമായി ഒന്നിച്ച് വലിയ വിജയമായി മാറിയ സിനിമയായിരുന്നു ഒരു ഇന്ത്യൻ പ്രണയകഥ. ചിത്രത്തിൽ ഒരു പാട്ട് സീനിൽ ഫഹദ് ഓടുന്ന ഒരു രംഗം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഭാഗമാണ്. എന്നാൽ അത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ലെന്നും തന്റെ പിതാവ് ഫാസിലിന്റെ ഒരു അനുഭവ കഥ കേട്ടതിൽ നിന്ന് കിട്ടിയതാണെന്നും ഫഹദ് പറയുന്നു. കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം അങ്ങനെ വന്നതാണെന്നും അത് നന്നായി വർക്കായെന്നും ഫഹദ് പറഞ്ഞു.

‘ഇന്ത്യൻ പ്രണയകഥയിൽ ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോൾ ഞാനും ഇന്നസെന്റേട്ടനും സമരത്തിൻ്റെ മുൻനിരയിൽ നടന്നുപോകുകയാണ്. പൊലീസ് ലാത്തി വീശാൻ വരുമ്പോൾ ഞാൻ കീശ പൊത്തിപ്പിടിച്ച് ഓടുന്ന ഒരു ഓട്ടമുണ്ട്. ഏറെ അഭിനന്ദനങ്ങൾ കിട്ടിയ സീനാണത്. അത് മുൻകൂട്ടി പ്ലാൻ ചെയ്‌ത ഒന്നായിരുന്നില്ല. രാവിലെ സത്യേട്ടൻ, വേണുച്ചേട്ടനോട് ഫഹദ് ഓടുന്ന സീനാണ് ചിത്രീകരിക്കേണ്ടതെന്ന് പറഞ്ഞു.

അപ്പോൾ വേണുച്ചേട്ടൻ പറഞ്ഞു, ‘പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഫാസിൽ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങൾ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസിൽ ബസ് കൂലി ഇല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങില്ല. ഷർട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക. ഞാനും ഫാസിലും ഇ.സി.തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാൻ പോകാൻ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. അങ്ങനെ കാറിൽ ഞങ്ങൾ പുറപ്പെട്ടു.

കുറച്ചുദൂരം ചെന്നപ്പോൾ തനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസിൽ കാർ നിർത്തിപ്പിച്ചു. കാറിൽ നിന്നിറങ്ങി മൂത്രമൊഴിക്കാൻ, പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി. അപ്പോൾ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാൻ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്’. സത്യേട്ടൻ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്,’ഫഹദ് പറയുന്നു.

Content Highlight: Fahad Fazil About Oru Indian Pranayakadha Movie Comody Scenes

We use cookies to give you the best possible experience. Learn more