ആ ചിത്രത്തിൽ ലാലേട്ടനെയല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ല: ഫഹദ് ഫാസിൽ
Entertainment
ആ ചിത്രത്തിൽ ലാലേട്ടനെയല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ല: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th December 2024, 8:16 pm

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അവതരിപ്പിച്ചത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. വിക്രം, പുഷ്പ, മാമന്നൻ തുടങ്ങി ഈ വർഷമിറങ്ങിയ രജനികാന്ത് ചിത്രം വേട്ടയനിലും ഫഹദ് കയ്യടി നേടിയിരുന്നു.

 

അഭിനയത്തിൽ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ്. റോബർട്ട് നീനോ, അൽപച്ചിനോ തുടങ്ങിയ നടന്മാർ തന്റെ തലമുറയെ സ്വാധീനിച്ചിട്ടുണ്ടെന്നും തൊണ്ണൂറുകളിലെ മമ്മൂട്ടി – മോഹൻലാൽ സിനിമകൾ ഇന്നും അത്ഭുതമാണെന്നും ഫഹദ് പറയുന്നു. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ മോഹൻലാലിനെയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഫഹദ് ന്യൂഡൽഹി പോലൊരു സിനിമ മമ്മൂട്ടിക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

‘തീർച്ചയായും. റോബർട്ട് നീനോ, അൽപച്ചിനോ തുടങ്ങിയ നടന്മാർ ഞാനടങ്ങുന്ന തലന്മുറയെ സ്വാധീനിച്ചവരാണ്. മോഹൻലാലും മമ്മൂട്ടിയും 80കളിലും 90കളിലും ചെയ്‌ത സിനിമകൾ എന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. തൂവാനത്തുമ്പികളിൽ ലാലേട്ടനെ അല്ലാതെ മറ്റാരെയും വെച്ച് നമുക്ക് ചിന്തിക്കാനാവില്ല.

ന്യൂ ഡൽഹിപോലൊരു സിനിമ മമ്മുക്ക അല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. ചില കഥകൾക്ക് ചില അഭിനേതാക്കൾ അത്യാവശ്യമാണ്.

ഒരു സിനിമയെ അസാധ്യമായ പ്രകടനംകൊണ്ട് നടന്റെതാക്കി മാറ്റുക എന്നതാണ്. അത് ഏറ്റവും മികച്ച രീതിയിൽ ചെയ്‌തവർ മമ്മൂക്കയും ലാലേട്ടനുമാണ്,’ഫഹദ് ഫാസിൽ പറയുന്നു.

 

Content Highlight: Fahad Fazil About Mohanlal And Mammootty