കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഈ വർഷമിറങ്ങിയ രജനികാന്ത് ചിത്രം വേട്ടയനിൽ ഫഹദ് കയ്യടി നേടിയിരുന്നു. 2024ലെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ സിനിമയായിരുന്നു ഫഹദിന്റെ ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.
രംഗൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. താൻ ഇതാവുരെ അഭിനയിച്ചതിൽ ഏറ്റവും സമയമെടുത്ത് മാനസിക അടുപ്പം വന്നത് ആവേശത്തിലാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് ആദ്യ ദിനങ്ങളിൽ ഒരു പിടിയുമില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു. നാല് ദിവസം കഴിഞ്ഞ് ബാറിന്റെ സെറ്റുമായി മാനസിക അടുപ്പം വന്നതിന് ശേഷമാണ് ആ കഥാപാത്രം ഈസിയായി പുള്‍ ഓഫ് ചെയ്യാന്‍ പറ്റിയതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്.
‘ഒരു കഥാപാത്രത്തോട് മാനസികമായി അടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ആവേശത്തിലായിരുന്നു. എനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത്.
ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ജിത്തു എന്നോട് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്യും, അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അന്വേഷിച്ചില്ല.
നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്. എന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെങ്കില്‍ മൊത്തം സിനിമയെയും അത് ബാധിക്കും. കാരണം ആ പിള്ളേരും സിനിമയുമായി കണക്ടാക്കുന്നത് രംഗനാണ്. അയാളാണ് ടോട്ടല്‍ സര്‍ക്കിളിന്റെ സെന്റര്‍. അയാളോട് അറ്റാച്ച്‌മെന്റ് തോന്നിയില്ലെങ്കില്‍ പടം കൈയില്‍ നിന്ന് പോകും എന്നത് ഉറപ്പാണ്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahad Fazil About His Performance In Aavesham Movie