കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം ഇറങ്ങിയ രജിനികാന്ത് ചിത്രം വേട്ടയ്യനിലൂടെയും ഫഹദ് കയ്യടി നേടുകയാണ്. പലപ്പോഴും ഫഹദിന്റെ കണ്ണിനെ കുറിച്ച് സിനിമയിലെ പല പ്രമുഖരും സംസാരിക്കാറുണ്ട്.
ഇത്രയും വർഷം ഈ കണ്ണുമായിട്ടാണ് താൻ ജീവിച്ചതെന്നും തനിക്ക് ഇതുവരെ ഒരു പ്രത്യേകതയും തോന്നിയിട്ടില്ലെന്നും ഫഹദ് പറയുന്നു. തന്റെ സിനിമോട്ടോഗ്രാഫർമാരാണ് ഷോട്ടുകൾ അങ്ങനെ എടുക്കുന്നതെന്നും ഫഹദ് പറഞ്ഞു. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ താൻ എന്താവുമെന്ന് പണ്ട് ചിന്തിക്കാറുണ്ടായിരുന്നുവെന്നും ഫഹദ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ സിനിമയിൽ വന്നിട്ട് കുറച്ച് വർഷമേ ആയിട്ടുള്ളു. ഇത്രയും വർഷം ഈ കണ്ണുമായിട്ടാണ് ഞാൻ ജീവിച്ചത്. ഈ കണ്ണിന് അന്നും ഇന്നും എനിക്കൊരു പ്രത്യേകത തോന്നിയിട്ടില്ല. അതെന്റെ കണ്ണ് ഷൂട്ട് ചെയ്യുന്ന സിനിമോട്ടോഗ്രാഫേഴ്സിന്റെയും അങ്ങനെയുള്ള സീനുകൾ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്ന മുഹൂർത്തങ്ങളുടേയുമൊക്കെ പ്രത്യേകതയാണ്.
അല്ലാതെ എന്റെ കണ്ണിന്റെ പ്രത്യേകയല്ല. എനിക്ക് എന്റെ അമ്മയുടെ കണ്ണാണ് കിട്ടിയിരിക്കുന്നത്. കളറിലുള്ള ചെറിയ വ്യത്യാസം എന്നല്ലാതെ വേറെ ഒന്നുമില്ല. എല്ലാവരുടെയും കണ്ണ് പോലൊരു കണ്ണ് മാത്രമാണ്. എന്റെ സിനിമോട്ടോഗ്രാഫർമാരാണ് അത് അങ്ങനെ എടുക്കുന്നത്.
സിനിമ നടൻ ആയില്ലായിരുന്നുവെങ്കിൽ എന്താവുമായിരുന്നുവെന്ന് പണ്ട് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ. ഇനിയിപ്പോൾ വേറെയൊന്നും ആവാൻ പറ്റില്ലല്ലോ. ഇതൊക്കെ തന്നെയായി നിൽക്കണമല്ലോ,’ഫഹദ് പറയുന്നു.