മാരി സെല്‍വരാജ് സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമന്നനാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. മുന്‍ മാരി സെല്‍വരാജ് ചിത്രങ്ങളിലേതെന്ന പോലെ ജാതീയ സമൂഹത്തിലെ കീഴാളരുടെ ജീവിത പ്രശ്‌നങ്ങളാണ് മാമന്നനും മുന്നോട്ട് വെക്കുന്നത്.
ചിത്രത്തില്‍ ഏറ്റവുമധികം പ്രശംസിക്കപ്പെടുന്നത് വടിവേലുവിന്റേയും ഫഹദ് ഫാസിലിന്റേയും പ്രകടനങ്ങളാണ്. ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ഫഹദ് തന്നെയാണ്.
ഇതിനൊപ്പം തന്നെ ഫഹദിന്റെ തമിഴിലെ മറ്റ് പ്രകടനങ്ങളും ചര്‍ച്ചയിലേക്കുയരുകയാണ്. നാല് ചിത്രങ്ങള്‍ മാത്രമാണ് തമിഴില്‍ ഫഹദ് ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം ഏറ്റവും ശ്രദ്ധ നേടിയതും നാഴികക്കല്ലുകളുമാണ്.
ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരനിലൂടെയാണ് ഫഹദ് കോളിവുഡിലേക്ക് ചുവട് വെക്കുന്നത്. ഒരു പക്കാ തമിഴ് കൊമേഴ്‌സ്യല്‍ ചിത്രമായ വേലൈക്കാരനില്‍ ആദിയെന്ന ബിസിനസ് തന്ത്രജ്ഞനായ വില്ലനിലൂടെ ഫഹദ് തന്റെ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി.
ഇതിന് ശേഷമാണ് സൂപ്പര്‍ ഡീലക്‌സ് പുറത്ത് വന്നത്. വിജയ് സേതുപതി, സാമന്ത, രമ്യകൃഷ്ണ എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രം ഒരേസമയം പല സ്ഥലങ്ങളില്‍ നടക്കുന്ന കഥകളാണ് പറഞ്ഞത്. ചിത്രത്തില്‍ സാമന്ത അവതരിപ്പിച്ച കഥാപാത്രത്തിന്റെ പങ്കാളി ആയാണ് ഫഹദ് അഭിനയിച്ചത്. ഭാര്യയുടെ മുന്‍കാമുകന്റെ മൃതദേഹം മറവുചെയ്യാനായി അവളെ സഹായിക്കുന്ന ഫഹദിന്റെ മുകില്‍ ശ്രദ്ധ നേടിയിരുന്നു.
ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രം ഇന്ത്യന്‍ സിനിമയെ തന്നെ അടയാളപ്പെടുത്തുന്നതായിരുന്നു. ലോകേഷ് കനകരാജിന്റെ വിക്രത്തില്‍ കമല്‍ ഹാസനും വിജയ് സേതുപതിയും സൂര്യയുമുള്‍പ്പെടെയുള്ള താരനിരയുണ്ടെങ്കില്‍ കൂടിയും ഫസ്റ്റ് ഹാഫിന്റെ ഭൂരിഭഗവും സ്‌ക്രീനില്‍ നിറഞ്ഞ് സിനിമയെ മുന്നോട്ട് നയിച്ചത് ഫഹദായിരുന്നു.
ഫഹദിന്റെ തമിഴ് സിനിമകള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതും പല ഴോണറുകളിലുള്ളതുമാണ്. ആ വ്യത്യസ്തത അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളിലുമുണ്ട്. വില്ലനിസം, മാസ്, ക്ലാസ് എന്നിങ്ങനെ മലയാളത്തിലെന്ന പോലെ തമിഴിലും ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് ഫഹദ്.
Content Highlight: fahad fassil tamil movies performance