| Thursday, 11th April 2024, 8:24 am

മമ്മൂക്കയെ വെച്ച് മഹേഷ്‌ ചെയ്യുന്ന പടത്തിൽ ഞാൻ എങ്ങനെയാണ് ലീഡ് ആവുന്നത്; ചോദ്യത്തിന് ഫഹദിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയകളിൽ കുറച്ചുനാളായി മഹേഷ് നാരായണൻ ഒരുക്കുന്ന അടുത്ത ചിത്രത്തെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്.

മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായി ഒന്നിക്കുന്നു എന്ന തരത്തിൽ വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും സിനിമയുടെ ഒഫീഷ്യൽ അനൗൺസ്മെന്റൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ചിത്രത്തെക്കുറിച്ച് ഏകദേശം ഉറപ്പിച്ച മട്ടിൽ തന്നെയാണ് മമ്മൂട്ടി ആരാധകരും പ്രേക്ഷകരും.

എന്നാൽ സിനിമയിൽ മമ്മൂട്ടിയോടൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ഉണ്ടാവുമെന്ന തരത്തിലും ഫാൻസ്‌ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും ചർച്ച നടക്കുന്നുണ്ട്.

ഫഹദിനും കുഞ്ചാക്കോ ബോബനുമൊപ്പം മികച്ച സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് മഹേഷ്‌ നാരായണൻ. ടേക്ക് ഓഫ്, മാലിക്, അറിയിപ്പ്, സി യു സൂൺ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മഹേഷ്‌ നാരായണൻ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ് ഫാസിൽ. മമ്മൂട്ടി – മഹേഷ്‌ നാരായണൻ ചിത്രത്തിൽ ഫഹദ് ലീഡ് റോളിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന്, മമ്മൂക്കയെ വെച്ച് മഹേഷ്‌ ചെയ്യുന്ന സിനിമയിൽ ഞാൻ എന്തിനാണ് ലീഡ് ചെയ്യുന്നത് എന്നായിരുന്നു ഫഹദ് മറുപടി പറഞ്ഞത്. പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കയെ വെച്ച് മഹേഷ്‌ ചെയ്യുന്ന പടത്തിൽ ഞാൻ എങ്ങനെയാണ് ലീഡ് ആവുന്നത്. ഞാൻ അതിൽ ഉണ്ടാവില്ല. അത് മമ്മൂക്ക – മഹേഷ്‌ ചിത്രമാണ്,’ഫഹദ് ഫാസിൽ പറയുന്നു.

അതേസമയം ഫഹദിന്റെ പുതിയ ചിത്രം ആവേശം ഇന്ന് തിയേറ്ററുകളിൽ എത്തും. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സുഷിൻ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Fahad Fasil Talk About  Mammootty Mahesh Narayanan New Movie

We use cookies to give you the best possible experience. Learn more