പുഷ്പ കഴിഞ്ഞിട്ടേ മറ്റ് കഥാപാത്രങ്ങൾ ആഘോഷിക്കപ്പെട്ടിട്ടുള്ളൂ, ബണ്ണിക്ക് നാഷണൽ അവാർഡ് വരെ കിട്ടിയില്ലേ: ഫഹദ് ഫാസിൽ
Entertainment
പുഷ്പ കഴിഞ്ഞിട്ടേ മറ്റ് കഥാപാത്രങ്ങൾ ആഘോഷിക്കപ്പെട്ടിട്ടുള്ളൂ, ബണ്ണിക്ക് നാഷണൽ അവാർഡ് വരെ കിട്ടിയില്ലേ: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 7:48 pm

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ഗംഭീരവിജയമായി മാറിയിരുന്നു.

സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനില്‍ നിന്ന് ഐക്കണ്‍ സ്റ്റാറിലേക്കുള്ള മാറ്റമായിരുന്നു പുഷ്പയിലെ പ്രകടനം. ഇതുവരെ കാണാത്ത റോ ലുക്കിലായിരുന്നു അല്ലു പുഷ്പയില്‍ വന്നത്.

ഫഹദ് ഫാസിലായിരുന്നു ആദ്യ ഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുഷ്പ എന്ന സിന്‍ഡിക്കേറ്റ് തലവനെ നേരിടാനെത്തിയ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന പൊലീസുദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. 10 മിനിറ്റ് മാത്രം സ്‌ക്രീന്‍ടൈം കൊണ്ട് ഗംഭീര കൈയടിയാണ് ഫഹദ് നേടിയത്. ഇരുവരും തമ്മിലുള്ള വലിയ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്.

വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ ഫഹദിന്റെത്. എന്നാൽ വില്ലൻ കഥാപാത്രങ്ങളുടെ പ്രകടനം മാത്രമാണ് പ്രേക്ഷകർ ആഘോഷിക്കുന്നതെന്നും പുഷ്പയിൽ അല്ലു അർജുന്റെ പ്രകടനമാണ് ഏറ്റവും ചർച്ചയായതെന്നും അല്ലുവിന് നാഷണൽ അവാർഡ് വരെ കിട്ടിയില്ലേയെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രം ആവേശത്തിന്റെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്.

‘പുഷ്പയിൽ പുഷ്പയെ അല്ലേ ഏറ്റവും കൂടുതൽ ആഘോഷിച്ചത്. അത് കഴിഞ്ഞിട്ടേ മറ്റ് കഥാപാത്രങ്ങളെയെല്ലാം ആഘോഷിച്ചിട്ടുള്ളൂ. വില്ലൻമാരെ ആഘോഷിക്കുകയെന്ന് പറഞ്ഞാൽ, അവരുടെ തമാശകളൊക്കെയാണ് പ്രേക്ഷകർ ഡിസ്ക്കസ് ചെയ്യുന്നത്. അല്ലാതെ വില്ലന്മാരുടെ കഥാപാത്രത്തിന്റെ ക്വാളിറ്റികളൊന്നുമല്ല.

അവരുടെ പെർഫോമൻസിനെയാണ് പ്രേക്ഷകർ ആഘോഷിക്കുന്നത്. ഇപ്പോൾ മാമന്നനിൽ ആണെങ്കിലും വടിവേലു സാറിന്റെ പെർഫോമൻസിനെ കുറിച്ചാണ് ആളുകൾ ചർച്ച ചെയ്യാറുള്ളത്. അതുപോലെ പുഷ്പയിൽ ബണ്ണിയുടെ പ്രകടനത്തെ കുറിച്ച് ആളുകൾ ചർച്ച ചെയ്യാറുണ്ട്. നാഷണൽ അവാർഡ് വരെ കിട്ടിയതല്ലേ,’ഫഹദ് പറയുന്നു.

Content Highlight: Fahad Fasil Talk About His Performance In Pushpa Film