| Thursday, 21st July 2022, 11:52 pm

നിനക്ക് രാജ് കമലിലേക്ക് എപ്പോള്‍ വേണമെങ്കിലും കേറി വരാം എന്നാണ് കമല്‍ സാര്‍ പറഞ്ഞത്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി എത്തിയ ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഫഹദിന്റെ അമര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. ഇപ്പോഴിതാ വിക്രം സിനിമയില്‍ അഭിനയിച്ചപ്പോള്‍ കമല്‍ഹാസനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്. കരിക്ക് ഫ്‌ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

കമല്‍ സാര്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ തന്നിട്ടുണ്ടെന്നും. എപ്പോള്‍ വേണമെങ്കിലും രാജ് കമലിലേക്ക് കേറി ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് ഫഹദ് പറയുന്നത്.

‘കമല്‍ സാര്‍ ഒരുപാട് കാര്യങ്ങള്‍ തന്നിട്ടുണ്ട്. വലിയ സെക്യൂരിറ്റിയാണ് സാര്‍ എനിക്ക് തന്നത്. എനിക്ക് എപ്പോള്‍ വേണമെങ്കിലും രാജ് കമലിലേക്ക് കേറി ചെല്ലാം എന്ന് സാര്‍ പറഞ്ഞിട്ടുണ്ട്. പലപ്പോഴും ചില സിനികള്‍ക്ക് നിര്‍മാതാക്കളെ ബോധ്യപ്പെടുത്താന്‍ പറ്റി എന്ന് വരില്ല അങ്ങനെ ഉള്ളപ്പോള്‍ രാജ് കമലിലേക്ക്
വരാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’; ഫഹദ് പറയുന്നു.

അതേസമയം നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത മലയനകുഞ്ഞാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

എ.ആര്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മലയന്‍കുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതവും റഹ്മാന്‍ ഇതിനോടകം സംഗീതം നിര്‍വഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. ജൂലൈ 22ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.

Content Highlight : Fahad fasil shares his experince with Kamal Hasan

We use cookies to give you the best possible experience. Learn more