| Saturday, 20th May 2023, 11:10 am

മോഹന്‍ലാലിനുള്ള ട്രിബ്യൂട്ടോ, ഫഹദിന്റെ സിനിമയോ? ചര്‍ച്ചയായി ഭാവന സ്റ്റുഡിയോസിന്റെ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ദിലീഷ് പോത്തനും ഫഹദ് ഫാസിലും പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ‘The Fan**** Watch this space for more updates on Bhavana studios you tube channel’ എന്നെഴുതിയ പോസ്റ്ററാണ് ദിലീഷും ഫഹദും പങ്കുവെച്ചത്. സ്റ്റേ ട്യൂണ്‍ഡ് എന്നും ഇതിനൊപ്പം കുറിച്ചിരുന്നു. ഇതോടെ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം വരുന്നുണ്ടോയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ച.

എന്നാല്‍ ഇന്ന് ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളോടെയുള്ള പോസ്റ്ററാണ് ഫഹദ് പങ്കുവെച്ചിരിക്കുന്നത്. തിയേറ്റര്‍ സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ വിന്റേജ് ചിത്രം നോക്കിയിരിക്കുന്ന ഒരു പ്രേക്ഷകന്റെ ചിത്രമാണ് ഫഹദ് പങ്കുവെച്ച പോസ്റ്ററില്‍ കാണുന്നത്. ഫണറ്റിക്‌സ് സീസണ്‍ വണ്‍ എപ്പിസോഡ് വണ്‍ ഇന്ന് ആറ് മണിക്ക് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലില്‍ വരുന്നു എന്നും പോസ്റ്ററില്‍ പറയുന്നു.

മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനം അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട് ഒരുക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ അതല്ല മോഹന്‍ലാല്‍ ആരാധകനെ കേന്ദ്രീകരിച്ചുള്ള വെബ്ബ് സീരിസാണ് വരുന്നതെന്നാണ് ചിലര്‍ പോസ്റ്റര്‍ ഡികോഡ് ചെയ്ത് പറയുന്നത്.

ഇനി അതല്ല മോഹന്‍ലാലും ഫഹദും ഒന്നിച്ച് സിനിമ വരുന്നുവെന്നും അതല്ല മോഹന്‍ലാല്‍ ആരാധകനായി ഫഹദ് പുതിയ ചിത്രത്തിലെത്തുന്നു എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ട്. എന്തായാലും സത്യമറിയാന്‍ ഇന്ന് ആറ് മണി വരെ കാത്തിരിക്കണം.

തങ്കമാണ് ഒടുവില്‍ പുറത്ത് വന്ന ഭാവന സ്റ്റുഡിയോസിന്റെ ചിത്രം. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്തത്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, കൊച്ചുപ്രേമന്‍, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് തങ്കത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: fahad fasil shares a poster including the vintage picture of mohanlal in it

We use cookies to give you the best possible experience. Learn more