2024ലെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ സിനിമയായിരുന്നു ഫഹദിന്റെ ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ രംഗണ്ണന്‍ എന്ന ഗുണ്ടാ നേതാവായാണ് ഫഹദ് ഫാസില്‍ എത്തിയത്.
രംഗണ്ണന്‍ എന്ന കഥാപാത്രം സംവിധായകന്‍ ജിത്തു മാധവന്‍ ബെംഗളൂരില്‍ പഠിക്കുമ്പോള്‍ കണ്ട ഒരു വ്യക്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫഹദ് ഫാസില്‍ പറയുന്നു. രംഗണ്ണന്റെ ബോഡി ലാംഗ്വേജ് എല്ലാം പിന്നെ വര്‍ക്ക് ചെയ്ത് എടുത്തതാണെന്നും അടിയെല്ലാം കണ്ടാല്‍ തിരിഞ്ഞോടുന്ന ആളായിരുന്നു ശരിക്കുമുള്ള രംഗണ്ണന്‍ എന്നും ഫഹദ് പറഞ്ഞു.
എന്നാല്‍ ഒരിക്കല്‍ രംഗണ്ണന്റെ ഫൈറ്റ് എല്ലാവരും കണ്ട് ഞെട്ടിയെന്നും അദ്ദേഹം ചെയ്ത പകുതി കാര്യങ്ങളും ആവേശത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും അതെല്ലാം വൈല്‍ഡ് ആണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
‘രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തുവിന് എന്നെ മീറ്റ് ചെയ്യണം എന്ന് അന്‍വര്‍ റഷീദാണ് എന്നെ വിളിച്ച് പറഞ്ഞത്. ജിത്തു വന്നിട്ട് ആദ്യം എന്നോട് പറയുന്നത് പുള്ളിയുടെ ലൈഫില്‍ നടന്ന ഒരു എപ്പിസോഡാണ്. ആ എപ്പിസോഡാണ് ആവേശം സിനിമ. അദ്ദേഹം പഠിക്കുന്ന സമയത്ത് ബെംഗളൂരില്‍ വെച്ച് കണ്ടുമുട്ടിയ ഒരാളാണ് രംഗണ്ണന്‍.
ഭയങ്കര രസമുള്ള ആളാണെന്നും സിനിമക്ക് സ്‌കോപ്പുള്ളതുകൊണ്ടുമാണ് ജിത്തു എന്റെ അടുത്തേക്ക് വന്നത്. അവിടുന്നാണ് സിനിമ തുടങ്ങുന്നത്. രംഗണ്ണന്റെ ബോഡി ലാംഗ്വേജ് എല്ലാം പിന്നെ നമ്മള്‍ വര്‍ക്ക് ചെയ്ത് എടുത്തതായിരുന്നു. രംഗണ്ണന്‍ അടിയെല്ലാം കണ്ടാല്‍ തിരിഞ്ഞ് പോയിക്കളയും. എന്നാല്‍ അവസാനം അദ്ദേഹം അടിക്കുന്നതാണ് ഇവരെല്ലാം കണ്ടത്. അദ്ദേഹം ചെയ്ത പകുതി കാര്യങ്ങളും നമുക്ക് സിനിമയില്‍ കാണിക്കാന്‍ കഴിയില്ല. അത്രയും വൈല്‍ഡ് ആയിട്ടുള്ള കാര്യമാണ് അദ്ദേഹം ചെയ്യാറുള്ളത്,’ ഫഹദ് ഫാസില്‍ പറയുന്നു.