പുഷ്പ 2 എന്ന ചിത്രത്തിന്റെ തിരക്കുകൾക്ക് ശേഷം അൽഫോൻസുമായുള്ള ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്ന് ഫഹദ് ഫാസിൽ. അൽഫോൻസ് ഒരു ചിത്രത്തിൻറെ തിരക്കിലാണെന്നും രണ്ടുപേരും മാനസികമായി തയ്യാറാക്കുമ്പോൾ ആ ചിത്രത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അൽഫോൻസ് പുത്രനുമായുള്ള ചിത്രം അടുത്ത വർഷം ആരംഭിക്കും. അദ്ദേഹം ഇപ്പോൾ മറ്റൊരു ചിത്രത്തിൻറെ തിരക്കിലാണ്. എനിക്ക് എന്റേതായ കുറച്ച് തിരക്കുകളും ഉണ്ട്. ഞങ്ങൾ മാനസികമായി ആ വർക്കിൽ ഫോക്കസ് ചെയ്യാൻ കഴിയുമ്പോൾ മാത്രമാണ് ചിത്രത്തിലേക്ക് കടക്കുകയുള്ളൂ. പുഷ്പ 2 കഴിഞ്ഞാകും ആ ചിത്രത്തിലേക്ക് കടക്കുക,’ ഫഹദ് പറഞ്ഞു.
അഭിമുഖത്തിൽ പുഷ്പയുടെ രണ്ടാം ഭാഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. പുഷ്പ 2 എന്ന ചിത്രത്തിൽ ഭൻവർ സിങ്ങിന്റെ കൂടുതൽ സീനുകൾ ഉണ്ടായേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഭൻവർ സിങ്ങിന്റെ കൂടുതൽ സീനുകൾ ഉണ്ടാകും. പുഷ്പയിലെ രണ്ട് കഥാപാത്രങ്ങളും തമ്മിൽ ഒരു കോൺഫ്ലിക്റ്റ് നടക്കുന്നുണ്ട്, ഈ കോൺഫ്ലിക്റ്റ് ആണ് സെക്കൻഡ് പാർട്ടിൽ കൂടുതലും ചർച്ച ചെയ്യുന്നത്,’ ഫഹദ് പറഞ്ഞു.
അഭിമുഖത്തിൽ ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരികെയെത്തുന്നതിനെപ്പറ്റിയും സംസാരിച്ചു. എൽ.സി.യുവിനെപറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഏതെങ്കിലും രീതിയിലൊക്കെ ലോകേഷ് തന്റെ കഥാപാത്രങ്ങളെ എൽ.സി.യുവിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഫഹദ് പറഞ്ഞു.
‘ഞാൻ വളരെ ആകാംക്ഷയിലാണ്. ലോകേഷ് തന്റെ കഥാപാത്രങ്ങളെ ഏതെങ്കിലുമൊക്കെ രീതിയിൽ എൽ.സി.യുവിൽ കൊണ്ടുവരാൻ ശ്രമിക്കും. ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്. കാര്യങ്ങൾ ഒക്കെ എങ്ങനെ വരുമെന്ന് നോക്കാം,’ ഫഹദ് പറഞ്ഞു.
ഹോംബാലെ ഫിലിംസ് നിര്‍മിച്ച ആദ്യ മലയാള ചിത്രമായ ധൂമം ആണ് ഫഹദിന്റെ പുതിയ ചിത്രം. അപർണ ബാലമുരളി, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്‍ഡ്യന്‍ സിനിമാട്ടോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യേനെടാ, അഭിയും നാനും, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
Content Highlights: Fahad Fasil on Alphonse Puthren