| Friday, 12th April 2024, 12:11 pm

ഫഹദ് ഫാസിലിന്റെ ചുവടുമാറ്റത്തിന്റെ കാരണമെന്ത്? മറുപടിയുമായി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന നടനാണ് ഫഹദ് ഫാസിൽ. കണ്ണ് കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന ഫഹദ് സ്ലോ പേസ് സിനിമകളിൽ നിന്നും എന്റർടൈൻമെന്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിന്റെ പുതിയ ചിത്രം. ഫഹദിന്റെ ഈ ചുവടുമാറ്റത്തിന്റെ കാരണമെന്താണെന്ന് ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

അങ്ങനെ മനഃപൂർവം തെരഞ്ഞെടുക്കുന്നതല്ലെന്നും തന്നെ തേടി വരുന്ന സിനിമകൾ ചെയ്യുന്നതാണെന്നുമായിരുന്നു ഫഹദിന്റെ മറുപടി. തന്റെ ഓരോ സിനിമകളും വ്യത്യസ്തമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്റർടൈൻമെന്റ് പടങ്ങൾ കുറച്ചുകൂടെ വരണമെന്നാണ് ആഗ്രഹമെന്നും ഫഹദ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘അങ്ങനെ ഒരിക്കലും അല്ല. എന്നെ തേടി വരുന്ന സിനിമകൾ ഞാൻ ചെയ്യുകയാണ്. മാക്സിമം ഓരോ സിനിമകളും വ്യത്യസ്തമാകണം എന്നത് നമുക്ക് ആഗ്രഹം ഉണ്ടാകുമല്ലോ. ഈ സ്വഭാവം ഉള്ള സിനിമ ചെയ്യാനുള്ള മെയിൻ റീസൺ എന്തെന്ന് വെച്ചാൽ എന്റർടൈൻമെന്റ് സിനിമകൾ കുറച്ചുകൂടെ വരണം എന്ന് തോന്നി. തിയേറ്ററിൽ ആഘോഷിക്കുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം,’ ഫഹദ് ഫാസിൽ പറയുന്നു.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സുഷിന്‍ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.

രോമാഞ്ചം പോലെ തന്നെ വീണ്ടും ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലാണ് ജിത്തു ആവേശത്തിന്റെ കഥ പറയുന്നത്. ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തുടർന്ന് അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങളെ പൂർണമായി ഹ്യൂമറിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്‌ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മൻസൂർ അലി ഖാൻ, ആഷിഷ് വിദ്യാർത്ഥി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Fahad fasil about his film selection

We use cookies to give you the best possible experience. Learn more