ജീവിതത്തിന് തടസമാകുമെങ്കില്‍ കരിയര്‍ ഉപേക്ഷിക്കാനും തയ്യാര്‍: ഫഹദ് ഫാസില്‍
Daily News
ജീവിതത്തിന് തടസമാകുമെങ്കില്‍ കരിയര്‍ ഉപേക്ഷിക്കാനും തയ്യാര്‍: ഫഹദ് ഫാസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 11:37 am

താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ടെന്നും അത് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്നും നടന്‍ ഫഹദ് ഫാസില്‍. തന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ കരിയര്‍ ഉപേക്ഷിക്കാന്‍ വരെ തയ്യാറാണെന്നും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആ ഏരിയയിലേക്കേ താന്‍ ശ്രദ്ധിക്കാറില്ല എന്നായിരുന്നു ഫഹദിന്റെ മറുപടി. സിനിമ കഴിഞ്ഞാല്‍ താന്‍ ഡിസ്‌കണക്ടഡായിരിക്കുമെന്നും ഫഹദ് പറയുന്നു.

നസ്രിയയും താനും ഇപ്പോള്‍ തങ്ങളുടേതായ ലോകത്താണ് കുടുംബജീവിതം ആസ്വദിക്കുകയാണെന്നും പറയുന്ന ഫഹദ് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ഏതെങ്കിലും ചിത്രം വന്നാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നും പറയുന്നു. അല്ലാതെ അതിനുവേണ്ടി ഒന്നും ചെയ്യാന്‍ പരിപാടിയില്ലെന്നുമാണ് ഫഹദ് പറയുന്നത്.


Dont Miss ‘റംസാന്‍ മാസത്തിലെങ്കിലും ഇത് വേണ്ടായിരുന്നു’ സ്വിംസ്യൂട്ടിട്ട ഫോട്ടോയുടെ പേരില്‍ ഫാത്തിമ സനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം 


തൊണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്ലോട്ടാണെന്നും ഫഹദ് പറയുന്നു.

വെറും മൂന്നു ദിവസംകൊണ്ട് നടക്കുന്ന കഥയാണ് “തൊണ്ടിമുതലും ദൃക്സാക്ഷി”യും എന്ന ചിത്രം പറയുന്നത്. ഒരു കേസുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരനെയും പ്രതിയേയും നിയമം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നീ രസങ്ങള്‍ ഇതിലുണ്ട്.

ആക്ഷേപ ഹാസ്യത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. മഹേഷിന്റെ പ്രതികാരത്തെപ്പോലെ ഏറെ റിയലിസ്റ്റിക്കായി കഥപറയാനാണ് ശ്രമിക്കുന്നത്. കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണെങ്കിലും കേരളത്തിലെവിടെയും നടക്കാന്‍ സാധ്യതയുള്ള കഥകൂടിയാണിത്- ഫഹദ് പറയുന്നു.

മനസില്‍ എന്തെങ്കിലും മോഹമുണ്ടോ എന്ന ചോദ്യത്തിന് അടുത്തിടെ ഖസാക്കിന്റെ ഇതിഹാസം വീണ്ടും വായിച്ചെന്നും വിസ്മയ ലോകത്തിന്റെ കഥ പറയുന്ന ആ നോവല്‍ ആരെങ്കിലും സിനിമയാക്കിയെങ്കില്‍ എന്ന് മോഹിച്ചുപോയെന്നുമായിരുന്നു ഫഹദിന്റെ മറുപടി.