| Monday, 18th July 2022, 12:34 pm

അതിനടിയിൽ ലൈറ്റും ഓക്സിജനുമൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ പ്രേക്ഷകർ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതില്ല: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയൻകുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

മണ്ണിനടിയിൽ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. സ്വഭാവികമായും ധാരാളം ബുദ്ധിമുട്ടുകൾ അഭിനേതാക്കളും സിനിമയുടെ മറ്റു പിന്നണി പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ടാകും. അതിനെക്കുറിച്ച് സംസാരിക്കുകയാണ് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ.

ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഇല്ലാത്തതായിരുന്നുവെന്നും എന്നാൽ ജനങ്ങൾ സിനിമ കാണുമ്പോൾ ഞങ്ങൾ അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്. ഓക്സിജനും ഇല്ലായിരുന്നു. അവിടെ ആകെയുണ്ടായിരുന്ന ലൈറ്റ് ടോർച്ചിൽ നിന്നുള്ളതായിരുന്നു. ആ ടോർച്ചിന്റെ വെളിച്ചത്തിലാണ് എല്ലാവരും വരേണ്ടത്.

ക്യാമറ മാത്രമാണ് അകത്തേക്ക് പോകുന്നത്. ക്യാമറാമാൻ പുറത്താണ്. അദ്ദേഹത്തിന് എന്നെ കാണാൻ സാധിക്കില്ല. എന്റെ ശരീരത്തിന്റെ മൂവ്മെന്റ്സ് നോക്കിയാണ് ഷോട്സ് എടുത്തിരുന്നത്. പക്ഷെ ജനങ്ങൾ സിനിമ കാണുമ്പോൾ ഞങ്ങൾ അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതില്ല,’ ഫഹദ് പറഞ്ഞു.

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

Content Highlight: Fahad Faasil shares the difficulities he faced during the shoot of Malayankunj

We use cookies to give you the best possible experience. Learn more