മലയൻകുഞ്ഞ് സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ഫഹദ് ഫാസിൽ. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നടൻ ഇർഫാൻ ഖാൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
ഇർഫാൻ ഖാൻ ചെയ്ത എല്ലാ സിനിമകളും ഞാൻ ആസ്വദിച്ചിട്ടൊന്നുമില്ല. ടൈംലെസ് ഫാക്ടർ അദ്ദേഹത്തിന്റെ അഭിനയത്തിലുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്. പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇർഫാൻ ഖാൻ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത എല്ലാ സിനിമകളും ഞാൻ ആസ്വദിച്ചിട്ടൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ തോന്നിയ ഒരു കാര്യം, ടൈംലെസ് ഫാക്ടർ അദ്ദേഹത്തിന്റെ അഭിനയത്തിലുണ്ട് എന്നതാണ്. ഒരു മുപ്പത് കൊല്ലം കഴിഞ്ഞ് ആ സിനിമ കണ്ടാലും നമുക്ക് ആസ്വദിക്കാൻ പറ്റും.
അദ്ദേഹത്തിന്റെ ലഞ്ച് ബോക്സ് എന്ന സിനിമയൊക്കെ അതിന് ഉദാഹരണമാണ്. അദ്ദേഹത്തിന് ടൈം ഫൈറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാനും അത് തന്നെയാണ് ശ്രമിക്കുന്നത്. കാലാതീതമായ രീതിയിൽ അഭിനയം സാധ്യമാകുക എന്നത് തന്നെയാണ് എന്റെയും ശ്രമം.
പത്തുകൊല്ലം ഒക്കെ കഴിഞ്ഞ് നമ്മൾ അഭിനയിച്ച സിനിമ കണ്ടാലും കണക്ട് ചെയ്യാൻ സാധിക്കണം. ഇർഫാൻ ഖാന്റെ പെർഫോമൻസ് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്,’ ഫഹദ് ഫാസിൽ പറഞ്ഞു.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.
ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.
രജിഷ വിജയൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം റിലീസാവാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Content Highlight: Fahad Faasil says that movies of Irrfan Khan influenced him a lot